SHARE

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സീനിയർ താരം രോഹിത് ശർമ്മ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫിറ്റ്നസ് പരിശോധനയിൽ വിജയിച്ചതും, ഓസ്ട്രേലിയുമായുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ യോഗ്യനായതും. ഐപിഎല്ലിനിടെ സംഭവിച്ച പരിക്കിന് ശേഷം ഫിസിക്കൽ ഫിറ്റ്നസ് വീണ്ടെടുത്ത രോഹിതിന് ഓസ്ട്രേലിയയിൽ എത്തിയാലും 14 ദിവസം ക്വാറന്റൈൻ വേണ്ടി വരും. ഇത് കൊണ്ടു തന്നെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാണ്.

എന്നാൽ ഈ 14 ദിവസങ്ങൾ കഴിഞ്ഞ് നേരിട്ട് രോഹിതിന് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കഴിയില്ല. മറിച്ച് ക്വാറന്റൈൻ സമയത്തിന് ശേഷം താരത്തിന്റെ ഫിറ്റ്നസ് വീണ്ടും വിലയിരുത്തുമെന്നും ഇതു കഴിഞ്ഞേ രോഹിത് പരമ്പരയിൽ കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം ബിസിസിഐ തന്നെ വ്യക്തമാക്കുകയായിരുന്നു.

ക്വാറന്റൈൻ കാലത്ത് പിന്തുടരേണ്ട വിശദമായ പ്രോഗ്രാം അദ്ദേഹത്തിന് നൽകിയിട്ടുണ്ടെന്നും, ക്വാറന്റൈൻ അവസാനിച്ചതിന് ശേഷം താരത്തിന്റെ ഫിറ്റ്നസ് നില ഉറപ്പു വരുത്തുന്നതിനായി ഇന്ത്യൻ ടീമിന്റെ മെഡിക്കൽ ടീം അവിടെയുണ്ടാകുമെന്നും, ഫിറ്റ്നസ് വിലയിരുത്തിയ ശേഷം ബോർഡർ-ഗവാസ്കർ ട്രോഫിയിൽ താരം കളിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ബിസിസിഐ വ്യക്തമാക്കുകയായിരുന്നു.