SHARE

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായി ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡ് രോഹിത് ശർമ്മയ്ക്ക്. ഈ വർഷം 65 തവണ പന്തിനെ നിലം തൊടീക്കാതെ ഗ്യാലറിയിലെത്തിച്ച രോഹിത് മറികടന്നത് 63 സിക്സറുകൾ അടിച്ച ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിനെയാണ്. 2015 ലായിരുന്നു ഡിവില്ലിയേഴ്സിന്റെ നേട്ടം.

2012 കലണ്ടർ വർഷം 59 സിക്സറുകൾ പറത്തിയ വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിലാണ് ഈ ലിസ്റ്റിൽ മൂന്നാമത്. 2011 ൽ 57 സിക്സറുകളടിച്ച ഓസ്ട്രേലിയയുടെ ഷെയിൻ വാട്സണും, 2005 ൽ 56 സിക്സറുകൾ പറത്തിയ പാകിസ്ഥാന്റെ ഷഹീദ് അഫ്രീദിയുമാണ് ഈ ലിസ്റ്റിൽ നാലും അഞ്ചും സ്ഥാനത്ത് നിൽക്കുന്നത്.

ഈ വർഷം 21 ഏകദിന മത്സരങ്ങളിൽ നിന്ന് 46 സിക്സറുകളാണ് ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ അടിച്ച് കൂട്ടിയത്. ഈ വർഷം ഏറ്റവും കൂടുതൽ ഏകദിന സിക്സറുകൾ കൈമുതലായുള്ള താരവും ഇന്ത്യയുടെ ഹിറ്റ്-മാനാണ്. ഇൻഡോറിൽ നടന്ന രണ്ടാം ടി20 യിൽ നേടിയ തകർപ്പൻ സെഞ്ചുറിക്കിടെ 10 തവണ പന്തിനെ ഗ്യാലറിയിലെത്തിക്കാൻ കഴിഞ്ഞതാണ് രോഹിതിനെ വളരെ വേഗം ഈ നേട്ടത്തിലേക്കെത്തിച്ചത്.