SHARE

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഇന്ന് നടക്കുന്ന ഐപിഎൽ പോരാട്ടത്തിന് മുന്നോടിയായി കനത്ത തിരിച്ചടിയേറ്റ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ ദിവസം ടീമിന്റെ പരിശീലനത്തിനിടെ പരിക്കേറ്റ നായകൻ രോഹിത് ശർമ്മ ഇന്ന് കളിക്കുന്ന കാര്യം ഉറപ്പില്ലാത്തതാണ് മുംബൈക്ക് തലവേദനയായിരിക്കുന്നത്. രോഹിതിന് ഇന്ന് കളിക്കാനായില്ലെങ്കിൽ മുംബൈ ബാറ്റിംഗിന് അത് വൻ തിരിച്ചടിയായിരിക്കും.

ചൊവ്വാഴ്ച്ച ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് രോഹിതിന്റെ വലത് തുടയ്ക്ക് പരിക്കേറ്റത്. വാംഖഡെ സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ പരിക്കിനെത്തുടർന്ന് തളർന്ന് നിലത്തിരുന്ന രോഹിതിനെ ടീം ഫിസിയോ നിതിൻ പട്ടേൽ പരിശോധിക്കുകയും, പിന്നീട് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ട് പോവുകയുമായിരുന്നു. വേദന കടിച്ചമർത്തിയാണ് താരം ഗ്രൗണ്ട് വിട്ടത്. പിൻ തുട ഞരമ്പിന് പരിക്കേറ്റതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും രോഹിതിന്റെ പരിക്കിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ പരിക്കിന്റെ തീവ്രതയോ ഇത് വരെ മുംബൈ ഇന്ത്യൻസ് വ്യക്തമാക്കിയിട്ടില്ല. അതേ സമയം പരിക്ക് ഗുരുതരമാണെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ട് മുതൽ ആറാഴ്ച വരെ രോഹിതിന് വിശ്രമം വേണ്ടി‌വരും. അത് കൊണ്ട് തന്നെ വലിയ തലവേദനയിലാണ് നിലവിൽ മുംബൈ ഇന്ത്യൻസ് ആരാധകർ.