SHARE

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയാണെന്ന് മുന്‍ ഇന്ത്യന്‍ താരം സന്ദീപ് പാട്ടീല്‍. ”വിരാട് കോഹ്ലി മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണെന്ന കാര്യത്തില്‍ സംശയമില്ല, എന്നാല്‍ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ രോഹിത് ശര്‍മ്മയാണ് കോഹ്ലിയേക്കാളും കേമന്‍” – ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഒരുപക്ഷേ, താന്‍ പറയുന്നത് കോഹ്ലി ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കക്കെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ കോഹ്ലിക്ക് വിശ്രമം നല്‍കിയതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിച്ചിരുന്നത്. ഏകദിന പരമ്പരയും ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ഓപ്പണിംഗ് ബാറ്റ്‌സ്മാനായിറങ്ങിയ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ ബാറ്റിംഗാണ് പരമ്പരയില്‍ കാഴ്ച്ച വെച്ചത്. മൊഹാലിയില്‍ നടന്ന ഏകദിനമത്സരത്തില്‍ ഇരട്ടസെഞ്ചുറി നേടിയ രോഹിത് ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി നേടുകയും ചെയ്തു.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി പ്രകടനമായിരുന്നു അത്. അതോടൊപ്പം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡും രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രോഹിതിനെ വാനോളം പുകഴ്ത്തി സാന്ദീപ് പാട്ടീല്‍ രംഗത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാനെതിരെ 1980ല്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സന്ദീപ് പാട്ടീല്‍ 29 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളുമാണ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്.