SHARE

ഏകദിന ക്രിക്കറ്റിൽ യുവരാജ് സിംഗിന്റെ റൺ നേട്ടം മറികടക്കാനൊരുങ്ങി ഇന്ത്യൻ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ. ഇന്ന് വെസ്റ്റിൻഡീസിനെതിരെ നടക്കാനിരിക്കുന്ന മൂന്നാംഏകദിനത്തിൽ 26 റൺസ് നേടാൻ കഴിഞ്ഞാൽ ഏകദിന റൺ വേട്ടയിൽ യുവിയെ മറികടക്കാൻ രോഹിതിന് കഴിയും. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ ഏഴാം സ്ഥാനത്തും ഇന്ത്യൻ ഉപനായകനെത്തും.

304 ഏകദിന‌ങ്ങളിൽ നിന്ന് 8701 റൺസാണ് അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിംഗ് നേടിയിട്ടുള്ളത്. അതേ സമയം വെറും 217 മത്സരങ്ങളിൽ നിന്ന് 27 സെഞ്ചുറികളും, 42 അർധസെഞ്ചുറികളുമടക്കം 48.74 ബാറ്റിംഗ് ശരാശരിയിൽ 8676 റൺസാണ് രോഹിത് ഏകദിനത്തിൽ അടിച്ചിരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എം എസ് ധോണി, മൊഹമ്മദ് അസറുദ്ദീൻ എന്നിവരാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ ആദ്യ 6 സ്ഥാനങ്ങളിലുള്ളത്.

അതേ സമയം യുവരാജിന്റെ ഏകദിന റണ്ണുകളിൽ 69 റൺസ് അദ്ദേഹം നേടിയത് ഏഷ്യൻ ഇലവന് വേണ്ടി കളിക്കുമ്പോളായിരുന്നു‌. ഇത് മാറ്റി നിർത്തിയാൽ ഇന്ത്യൻ ജേഴ്സിയിൽ താരം നേടിയിരിക്കുന്നത് 8609 റൺസാണ്. അത് കൊണ്ട് തന്നെ 8676 റൺസ് ഇന്ത്യൻ ജേഴ്സിയിൽ നേടിയിട്ടുള്ള രോഹിത്, ഇന്ത്യയ്ക്ക് വേണ്ടി നേടിയ ഏകദിന റണ്ണുകളുടെ കാര്യത്തിൽ നേരത്തെ തന്നെ യുവിയെ മറികടന്നിരുന്നു.