SHARE

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരമാണ് രോഹിത് ശർമ്മ. ഏകദിനത്തിലും, ടി20 യിലും ടീമിന്റെ ഉപനായകൻ കൂടിയായ രോഹിത്, ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനുമാണ്. ഇപ്പോളിതാ തന്റെ കരിയറിലെ ഏറ്റവും നിരാശാജനകമായ സംഭവം വെളിപ്പെടുത്തി രോഹിത് തന്നെ ‌രംഗത്തെത്തിയിരിക്കുന്നു.

ഇൻസ്റ്റഗ്രാമിൽ മുൻ ഇംഗ്ലണ്ട് താരം കെവിൻപീറ്റേഴ്സണുമായി നടത്തിയ ലൈവ് ചാറ്റ് സെഷനിടെയായിരുന്നു കരിയറിൽ ഏറ്റവും നിരാശ സമ്മാനിച്ച കാര്യം രോഹിത് വെളിപ്പെടുത്തിയത്. 2011 ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ദേശീയ ടീമിൽ ഇടം പിടിക്കാൻ കഴിയാതിരുന്നതാണ് ഏറ്റവും നിരാശ സമ്മാനിച്ച കാര്യമായി രോഹിത് ചൂണ്ടിക്കാട്ടുന്നത്. രോഹിത് ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെ, “2011 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ കഴിയാതിരുന്നതാണ് കരിയറിലെ ഏറ്റവും സങ്കടപ്പെടുത്തുന്ന കാര്യം. ഈ ലോകകപ്പ് സ്വന്തം നാട്ടിലാണ് നടന്നതെന്നും, ഫൈനൽ മത്സരം എന്റെ ഹോം ഗ്രൗണ്ട് കൂടിയായ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടന്നതെന്നതും കൂടുതൽ നിരാശ നൽകുന്നു.”

എന്നാൽ ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ കഴിയാതിരുന്നത് അക്കാലത്തെ തന്റെ മോശം ഫോം കൊണ്ടാണെന്നും രോഹിത് തുറന്ന് സമ്മതിക്കുന്നുണ്ട്. “ടീമിൽ ഇടം പിടിക്കാനാവാതിരുന്നത് അന്നത്തെ എന്റെ പ്രകടനം കൊണ്ടായിരുന്നു. അത്ര മികച്ച ഫോമിലല്ലായിരുന്നു അന്ന് ഞാൻ”. രോഹിത് പറഞ്ഞുനിർത്തി.