SHARE

ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തിൽ 73 റൺസിന് ജയിച്ച ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കിയതി ന്റെ സന്തോഷത്തിലാണ്. സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ ഉപ നായകൻ രോഹിത് ശർമ്മയായിരുന്നു ബാറ്റിംഗിൽ ഇന്ത്യയുടെ താരം. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട രോഹിതിനെ ക്രിക്കറ്റിലെ ഒരു റെക്കോർഡും തേടിയെത്തി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് അഞ്ചാം ഏകദിനത്തിലൂടെ രോഹിതിനെ തേടിയെത്തിയത്‌. മത്സരത്തിൽ 4 തവണ പന്തിനെ നിലം തൊടീക്കാതെ ഗ്യാലറിയിലെത്തിച്ച ഹിറ്റ്മാന്റെ 2017-18 സീസണിലെ സമ്പാദ്യം 57 സിക്സുകളാണ്. 2015-16 സീസണിൽ 56 സിക്സറുകളടിച്ച ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്തിലിന്റെ റെക്കോർഡാണ് ഇന്ത്യൻ ഓപ്പണർ തന്റെ പേരിലാക്കിയത്.

ഓപ്പണറായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരങ്ങളിൽ മൂന്നാമനാകാനും കഴിഞ്ഞ മത്സരത്തോടെ രോഹിതിന് കഴിഞ്ഞു. നിലവിൽ 15 സെഞ്ചുറികളാണ് ഓപ്പണിംഗിനിറങ്ങി രോഹിത് നേടിയിട്ടുള്ളത്. 45 സെഞ്ചുറികളുള്ള സച്ചിനും, 19 സെഞ്ചുറികളടിച്ച സൗരവ് ഗാംഗുലിയുമാണ് ഇക്കാര്യത്തിൽ രോഹിതിന് മുന്നിൽ നിൽക്കുന്നത്.