SHARE

കഴിഞ്ഞ കുറച്ച് നാളുകളായി ദയനീയ ഫോമിലൂടെ കടന്ന് പോകുന്ന ഇന്ത്യൻ സൂപ്പർ താരം കെ എൽ രാഹുലിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കുമെന്ന് റിപ്പോർട്ട്. രാഹുൽ പുറത്താകുന്ന ഒഴിവിൽ സീനിയർ താരം രോഹിത് ശർമ്മ ടെസ്റ്റിൽ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. 2018 മാർച്ചിന് ശേഷം കളിച്ച 23 ഇന്നിംഗ്സുകളിൽ നിന്ന് 548 റൺസ് മാത്രമാണ് രാഹുലിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.

നേരത്തെ യുവതാരം പൃഥ്വി ഷാ, സെലക്ഷന് ലഭ്യമല്ലാതിരുന്നതിനെത്തുടർന്നായിരുന്നു വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ രാഹുലിന് ഒരവസരം കൂടി ലഭിച്ചത്. എന്നാൽ ഈ പരമ്പരയിലും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. തുടർച്ചയായി പരാജയപ്പെടാൻ തുടങ്ങിയതോടെ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ മാനേജ്മെന്റിന് മേലും സമ്മർദ്ദമുണ്ടായി. രോഹിത് ശർമ്മയെ ടെസ്റ്റിൽ ഓപ്പണറാക്കണമെന്ന് പല ഇതിഹാസ താരങ്ങളും അഭിപ്രായപ്പെട്ടു. ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്കും ടെസ്റ്റിൽ രോഹിത് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതിനോടാണ് താല്പര്യമെന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലുണ്ടായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കാൻ രോഹിത്തിന് കഴിഞ്ഞിരുന്നില്ല. മധ്യനിരയിൽ അജി‌ങ്ക്യ രഹാനെയും, ഹനുമ വിഹാരിയും മികച്ച ഫോമിലായിരുന്നതാണ് ഇതിന് കാരണം