SHARE

അർജന്റീനയുടെ സ്റ്റാർ ​ഗോൾക്കീപ്പർ സെർജിയോ റൊമേറോ യൂറോപ്യൻ ഫുട്ബോളിലെ ദൗത്യം അവസാനിച്ചു. 15 വർഷത്തോളം നീണ്ട യൂറോപ്യൻ കരിയർ അവസാനിപ്പിച്ച റൊമേറോ സ്വന്തം നാട്ടിലേക്കാണ് മടങ്ങിയത്. അർജന്റീനയിലെ സൂപ്പർക്ലബായ ബോക്കാ ജൂനിയേഴ്സിനായാകും റൊമേറോ ഇനി ​ഗോൾവല കാക്കുക.

ഇറ്റാലിയൻ ക്ലബ് വെനീസ്യയ്ക്ക് വേണ്ടിയാണ് റൊമേറോ ഒടുവിൽ കളിച്ചത്. തുടർന്നിപ്പോൾ ഫ്രീ ട്രാൻസ്ഫറായാണ് റൊമേറോ ബോക്കോയിലേക്ക് കൂടുമാറുന്നത്. ഒരു വർഷത്തെ കരാറാണ് ഈ 35-കാരൻ ബോക്കയുമായി ഒപ്പുവച്ചത്. കരിയറിന്റെ തുടക്കത്തിൽ 2006-07 സീസണിൽ റേസിങ് ക്ലബിൽ കളിച്ചത് മാത്രമാണ് അർജന്റൈൻ ക്ലബ് ഫുട്ബോളിൽ റൊമേറോയുടെ മുൻപരിചയം.

2007-ൽ ഡച്ച് ക്ലബ് അൽക്ക്മാറിലൂടെയാണ് റൊമേറോ യൂറോപ്പിലേക്ക് വിമാനം കയറുന്നത്. പിന്നീട് ഇറ്റാലിയൻ ക്ലബ് സാംപ്ദോറിയക്കായി നാല് സീസൺ കളിച്ചു. ഇതിനിടെ ഇടയ്ക്ക് ഫ്രഞ്ച് ക്ലബ് മൊണാക്കോയിലേക്ക് ലോണിലും പോയി. 2015 മുതൽ ആറ് വർഷം ഇം​ഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ​ഭാ​ഗമായിരുന്നു റൊമേറോ. സ്റ്റാർ ​ഗോളി ഡേവിഡ് ഡി ​ഗിയയുടെ ബാക്ക്അപ് ആയിരുന്ന റൊമേറോയ്ക്ക് കളിസമയം വളരെ പരിമിതമായിരുന്നു. ആറ് സീസണിനിടെ വെറും ഏഴ് പ്രീമിയർ ലീ​ഗ് മത്സരത്തിലാണ് റൊമേറോ യുണൈറ്റഡിനായി ​ഗോൾവല കാത്തത്.