SHARE

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുടെ പരിശീലകനസ്ഥാനത്ത് അടുത്ത സീസണിൽ റൊണാൾഡ് കോമാൻ ഉണ്ടാകാനുള്ള സാധ്യത വിരളം. കാറ്റലോണിയൻ റേഡിയോയായ ആർ.എ.സി വണ്ണിന്റെ റിപ്പോർട്ട് പ്രകാരം കോമാൻ അടുത്ത സീസണിൽ ക്ലബ് വിടാനാണ് 90 ശതമാനവും സാധ്യത.

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ ബാഴ്സ പുറത്തായെങ്കിലും പിന്നീട് കോപ്പാ ഡെൽ റേ നേടുകയും ലാ ലി​ഗയിൽ മികച്ച പ്രക‌ടനങ്ങൾ നടത്തുകയും ചെയ്തതോടെ കോമാൻ തുടരുമെന്ന് ഏതാണ്ട് ഉറപ്പിച്ചതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ ലാ ലി​ഗിയിലെ ബാഴ്സയുടെ മോശം പ്രകടനത്തോടെ കോമാന്റെ കസേരയ്ക്ക് ഇളക്കം തട്ടിത്തുടങ്ങി. ഇന്നലത്തേതടക്കം അവസാനം നടന്ന അഞ്ച് മത്സരങ്ങളിൽ ബാഴ്സ ജയിച്ചത് ഒന്നിൽ മാത്രമാണ്. ഇതോടെ ലാ ലി​ഗ കിരീടപ്പോരാട്ടത്തിൽ നിന്നും ബാഴ്സ പുറത്തായി.

ഇതോടെ കോമാനിൽ ക്ലബിന് വിശ്വാസം നഷ്ടമായി എന്നാണ് സൂചനകൾ. കോമാന് പകരക്കാരനായി ബാഴ്സ അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയ്ക്കും പുതിയ പരിശീലകനെയാണ് താൽപര്യമെന്നാണ് സൂചന. അതേസമയം തന്നെ മികച്ച പകരക്കാരനെ കണ്ടെത്താനായില്ലെങ്കിൽ കോമാൻ ഒരു സീസൺ കൂടി ബാഴ്സയിൽ തുടരാനും സാധ്യതയുണ്ട്. 2022 വരെയാണ് ക്ലബുമായി കോമാന്റെ കരാർ

ഇതിനിടെ വിഖ്യാതതാരവും പരിശീലകനമായി സാവി ഹെർണാണ്ടസ് ബാഴ്സലോണയിലെത്തിയതോടെ ചില അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ ഖത്തർ ക്ലബ് അൽ സാദുമായി അടുത്തിടെ കരാർ പുതുക്കിയ സാവി, താൻ ഒഴിവുദിനങ്ങൾ ആഘോഷിക്കാനാണ് വന്നതെന്നാണ് വിശദീകരിച്ചത്.