SHARE

ഇന്റർ മിലാന്റെ ബെൽജിയൻ മുന്നേറ്റ താരം റൊമേലു ലുക്കാക്കുവിനെ ബാഴ്സലോണയിലേക്ക് കൊണ്ടു‌ വരാൻ ക്ലബ്ബിന്റെ പുതിയ പരിശീലകനായ റൊണാൾഡ് കൂമാന് താല്പര്യമുണ്ടായിരുന്നതായി സൂചന. ലുക്കാക്കുവിനെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിലെത്തിക്കണമെന്ന് കൂമാൻ, ബാഴ്സണയോട് ആവശ്യപ്പെട്ടതായും എന്നാൽ ക്ലബ്ബ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു എന്നുമാണ് ഇ ത്രീ സ്പോർട് പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട്.

ഇന്റർ മിലാന് വേണ്ടി മികച്ച ഫോമിൽ കളിക്കുന്ന റൊമേലു ലുക്കാക്കുവിനെ ഇക്കുറി ബാഴ്സയിലെത്തിച്ച് തങ്ങളുടെ മുന്നേറ്റം ശക്തമാക്കാനായിരുന്നു കൂമാന്റെ പദ്ധതി. എന്നാൽ ഇപ്പോളത്തെ സാഹചര്യത്തിൽ ഈ ബെൽജിയൻ താരത്തെ ടീമിലെത്തിക്കുന്നത് പ്രായോഗികമല്ലെന്ന് ക്ലബ്ബ് കൂമാനോട് വ്യക്തമാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

-Advertisement-

അതേ സമയം ഇക്കുറി ടീം വിട്ടേക്കുമെന്ന് കരുതപ്പെടുന്ന ലൂയി സുവാരസിന് പകരം‌ മുന്നേറ്റത്തിൽ പുതിയ താരങ്ങളെ തേടുകയാണ് ബാഴ്സലോണ. മെംഫിസ് ഡീപേ, ലൗട്ടാരോ മാർട്ടിനസ് എന്നീ താരങ്ങളെ ഇതിനായി ക്ലബ്ബ് നോട്ടമിട്ടെങ്കിലും ഇതിൽ ലൗട്ടാരോയുടെ കരാർ നടക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.