SHARE

പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ​ഗോൾവേട്ട തുടരുകയാണ്. ഇന്നലെ ലിത്വാനിയക്കെതിരായ യൂറോ യോ​ഗ്യതാ മത്സരത്തിൽ നാല് ​ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ റൊണാൾഡോയുടെ ​ഗോൾവേട്ട 93 ആയി ഉയർന്നു

നിലവിൽ അന്താരാഷ്ട്രഫുട്ബോളിലെ ​ഗോൾവേട്ടക്കാരിൽ രണ്ടാമനാണ് റൊണാൾഡോ. കരിയറിൽ 109 അന്താരാഷ്ട്ര ​ഗോളുകൾ നേടിയ ഇറാൻ ഇതിഹാസം അലി ദായിയാണ് ഒന്നാമത്. 17 ​ഗോളുകൾ കൂടി വേണം റൊണാൾഡോയ്ക്ക് ദായിയെ മറികടക്കാൻ. 34-ാം വയസിലും മിന്നുന്ന ഫോമിൽ കളിക്കുന്ന റൊണാൾഡോ ദായിയുടെ റെക്കോർഡ് മറികടക്കുമെന്നാണ് ആരാധകപ്രതീക്ഷ. പോർച്ചു​ഗലിനായി സമീപകാല മത്സരങ്ങൾ റൊണാൾഡോ നടത്തുന്ന അസാധാരണ ​ഗോൾവേട്ടയും ഈ പ്രതീക്ഷയ്ക്ക് കരുത്തുപകരുന്നു.

2016,17,18 എന്നീ മൂന്ന് വർഷങ്ങളിൽ നിന്ന് മാത്രം ദേശീയ ടീമിനായി 30 ​ഗോളുകളാണ് റൊണാൾഡോ നേടിയത്. ഈ വർഷം ഇതുവരെ എട്ട് ​ഗോളായി റൊണാൾഡോയുടെ പേരിൽ. അതായത് മുപ്പത് വയസിന് ശേഷം മാത്രം ഇതുവരെ 38 ​ഗോളുകൾ ദേശീയ ടീമിനായി റൊണാൾഡോ നേടി.

നിലവിലെ ഫോം തുടർന്നാൽ റൊണാൾഡോയ്ക്ക് മുന്നിൽ ദായിയുടെ റെക്കോർഡ് വലിയ കടമ്പയൊന്നുമല്ല. ഈവർഷം തന്നെ ഇനിയും നാല് മത്സരങ്ങൾ പോർച്ചു​ഗലിന് ശേഷിക്കുന്നുണ്ട്. ലക്സംബർ​ഗ്, യുക്രൈൻ, ലിത്വാനിയ എന്നിവരാണ് എതിരാളികൾ. തുടർന്ന് അടുത്ത വർഷം യൂറോ കപ്പുൾപ്പെടെ നടക്കാനിരിക്കെ ആരാധകർ ഉറ്റുനോക്കുന്നത് റൊണാൾഡോയിലേക്ക് തന്നെയാണ്.