SHARE

ലോക ഫുട്‌ബോളില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മുന്‍നിരയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയ പോര്‍ച്ചുഗീസ് താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെറിയ ചില ട്വിസ്റ്റുകള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ റോണോ ചിലപ്പോള്‍ ആഴ്‌സണലിന്റെ കുപ്പായത്തില്‍ എത്തിപ്പെടുമായിരുന്നു. അതും പതിനെട്ടാം വയസില്‍.

ആ രഹസ്യം ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ആഴ്‌സണലില്‍ നിന്ന് പടിയിറങ്ങിയ പരിശീലകന്‍ ആഴ്‌സന്‍ വെംഗര്‍. 2003ലാണ് റോണോയുടെ പ്രതിഭയെ ഇംഗ്ലീഷ് ക്ലബുകള്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. അന്ന് സ്‌പോര്‍ട്ടിംഗ് പോര്‍ച്ചുഗലിന്റെ താരമായിരുന്നു റോണോ. പതിനെട്ടു വയസ് മാത്രം പ്രായം. നാളെകളുടെ താരമാകുമെന്ന് ഉറപ്പുള്ള താരത്തെ ടീമിലെത്തിക്കാന്‍ ആഴ്‌സണല്‍ ശ്രമം തുടങ്ങി.

4.5 മില്യണ്‍ പൗണ്ടായിരുന്നു ക്ലബിന്റെ ഓഫര്‍. എന്നാല്‍ ഈ സമയത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡും റോണോയ്ക്കായി ശ്രമം തുടങ്ങിയിരുന്നു. ഒരുദിവസം റോണോയും അമ്മയും ആഴ്‌സണല്‍ ആസ്ഥാനത്തെത്തി ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ യുണൈറ്റഡ് 12 മില്യണ്‍ പൗണ്ട് നല്കി താരത്തെ റാഞ്ചി. ആറുവര്‍ഷത്തെ യുണൈറ്റഡ് ജീവിതത്തിനിടെ 196 മത്സരങ്ങളില്‍ നിന്ന് 84 ഗോളുകള്‍ റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചു.