SHARE

ഫിഫ ക്ലബ് ലോകകപ്പ് ബുധനാഴ്ച യു.എ.ഇയില്‍ ആരംഭിച്ചു. എന്നാല്‍ മത്സരങ്ങള്‍ക്ക് ചൂട് പിടിക്കണമെങ്കില്‍ സെമി ഫൈനലാകണം. കാരണം നിലിവിലെ ചാമ്പ്യന്‍മാരും ടുര്‍ണമെന്റ് ഫോവറിറ്റുകളുമായി റയല്‍ മഡ്രിഡ് അപ്പോഴേ എത്തുകയുള്ളു.

ഓരോ ഘട്ടങ്ങളിലാണ് പുതിയ ടീമുകള്‍ ക്ലബ് ലോകകപ്പിനെത്തുന്നത്. ഏറ്റവും വലിയ ഫുട്‌ബോള്‍ അസോസിയേഷനായ യുവേഫ പ്രതിനിധി റയല്‍ മഡ്രിഡിനും രണ്ടാമതുള്ള ലാറ്റിനമേരിക്കന്‍ പ്രതിനിധി ഗ്രെമിയോയ്ക്കും സെമിയിലേക്കാണ് നേരിട്ട് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ സെമിയില്‍ ഇരുവരും നേരിട്ടല്ല ഏറ്റമുട്ടുന്നത്.

ക്വാർട്ടർ വിജയിച്ചുവരുന്ന രണ്ട് ടീമുകളുമായാണ് ഇവരുടെ സെമി പോരാട്ടം. പ്രവചിക്കപ്പെടുന്ന സാധ്യതയനുസരിച്ച്‌ റയലും ഗ്രമിയോയും കലാശപ്പോരാട്ടത്തിലായിരിക്കും കൊമ്പുകോര്‍ക്കുക. എന്നാല്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായേക്കുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റൊണാള്‍ഡോയേക്കാള്‍ മികച്ചവനാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്ത ഗ്രമിയോ പരിശീലകനും തമ്മിലുള്ള മത്സരമെന്ന നിലയ്ക്കാണ്.

1980-കളില്‍ ബ്രസീല്‍ ദേശീയ ടീമംഗവും ഒട്ടേറെ ബ്രസീലിയന്‍ ടീമുകളില്‍ കളിച്ചിട്ടുള്ളയാളുമാണ് ഗ്രമിയോ പരിശീലകന്‍ റെനറ്റോ ഗച്ചോ. ഈ വര്‍ഷമാദ്യം ഇ.എസ്.പി.എന്നിലാണ് റെനറ്റോ വെടിപൊട്ടിച്ചത്. ഇപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ താന്‍ അന്ന് കളിച്ചിട്ടുണ്ടെന്നായിരുന്നു റെനറ്റോയുടെ പ്രസ്താവന.

” അന്ന് ഞാന്‍ കളിച്ച ക്ലബുകളില്‍ റൊണാള്‍ഡോ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അന്ന് തുടര്‍ച്ചയായി നാല് മാസത്തോളം ടീമുകള്‍ കളിക്കാര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ നിന്ന് താന്‍ വളര്‍ന്ന് ചാമ്പ്യനായി. ഇന്ന് റൊണാള്‍ഡോ കളിക്കുന്ന സാഹചര്യം വ്യത്യസ്തമാണ്‌, മികച്ച പ്രതിഫലം,മികച്ച കളിസൗകര്യങ്ങള്‍, മികച്ച സഹതാരങ്ങള്‍. തീര്‍ച്ചയായും റൊണാള്‍ഡോ മികച്ച കളിക്കാരനാണ്, എന്നാല്‍ എന്നേക്കാള്‍ മികച്ചവനല്ല “, റെനറ്റോ പറഞ്ഞു.

ഇന്നത്തെ തലമുറ എന്റെ കളി കണ്ടിട്ടില്ല. അത് കണ്ടിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും മികച്ച കളിക്കാരനാണെന്ന കാര്യത്തില്‍ അഭിപ്രായം മാറ്റുമെന്നും റെനറ്റോ പറഞ്ഞു. ബ്രസീലിനായി 41 മത്സരങ്ങള്‍ കളിച്ച റെനറ്റോ അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്. 1986- ലോകകപ്പിനുള്ള ടീമില്‍ നിന്ന് അച്ചടക്കലംഘനത്തെത്തുടര്‍ന്ന് റെനറ്റോയെ ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് റെനറ്റോയുടെ അടുത്ത സുഹൃത്തായിരുന്നു ലിയാണ്‍ഡ്രോയും ടീം വിട്ടു. ലോകകപ്പിന്റെ സൂപ്പര്‍താരങ്ങളിലോരാളായ ജോസിമറിന് ഉദിച്ചുയരാന്‍ അവസരം കിട്ടിയത് ലിയാണ്‍ഡ്രോയുടെ പിന്മാറ്റമാണെന്നത് മറ്റൊരു കാര്യം.

നേരത്തേ മികച്ച പരിശീലകനാകാന്‍ കളിപഠിക്കേണ്ട കാര്യമില്ലെന്ന് തുറന്നടിച്ച് റെനറ്റോ വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. 2000- മുതല്‍ പരിശീലക വേഷമണിയുന്ന റെനറ്റോ ഗ്രെമിയോയ്ക്ക് പുറമേ ബ്രസീലിലെ പ്രശ്ത ടീമുകളായ വാസ്‌കോ ഡ ഗാമ, ഫ്‌ലുമിനെന്‍സ്‌. അത്‌ലെറ്റിക്കോ പരാനയിന്‍സ് എന്നിവയേയും കളി പഠിപ്പിച്ചിട്ടുണ്ട്.