SHARE

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ ക്ലബ് സീസൺ അത്ര സുഖകരമല്ല. സീസണിൽ ഇതുവരെ യുവന്റസിനായി മികച്ച ഫോമിലേക്കെത്താൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടില്ല. എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി വെറും ഒമ്പത് ​ഗോൾ മാത്രമാണ് ഇതുവരെ റൊണാൾഡോ അടിച്ചത്.

​ഗോൾവേട്ട നടത്താനാകാതെ ഇക്കുറി റൊണാൾഡോ വിഷമിക്കുമ്പോൾ മറുവശത്ത് വലനിറച്ച് ​ഗോളടിച്ചുകൊണ്ടിരിക്കുകയാണ് മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ. യുവന്റസിന്റെ തന്നെ അണ്ടർ 9 ടീമിൽ കളിക്കുന്നുണ്ട് ജൂനിയർ റൊണാൾഡോ. കഴിഞ്ഞ വർഷം ടീമിൽ കളിച്ചുതുടങ്ങിയപ്പോൾ മുതൽ തന്നെ ജൂനിയർ ​ഗോളടിച്ചുകൂട്ടുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഒരു ടൂർണമെന്റിൽ യുവന്റസിന്റെ ജൂനിയർ ടീമിനായി ജൂനിയർ റൊണാൾഡോ കളിച്ചിരുന്നു. ടൂർണമെന്റിൽ മൂന്ന് ​ഗോൾ നേടി യുവന്റസിനെ കരീടനേട്ടത്തിലേക്ക് നയിച്ചതിൽ ജൂനിയർ പ്രധാനപങ്കുവഹിച്ചു. ഒപ്പം ടൂർണമെന്റിലെ മികച്ച സ്ട്രൈക്കറിനുള്ള പുരസ്കാരവും ജൂനിയർ റൊണാൾഡോയെ തേടിയെത്തി.പിന്നാലെ മകന്റെ നേട്ടത്തെ അഭിനന്ദിച്ച് റൊണാൾഡോ തന്നെ സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം പങ്കുവച്ചു.

യുവന്റസിന്റെ യൂത്ത് ടീമിനായി മികച്ച ഫോമിലാണ് ജൂനിയർ. ഇതുവരെ 28 മത്സരങ്ങളിൽ നിന്ന് 58 ​ഗോളുകളാണ് ജൂനിയർ റൊണാൾഡോ അടിച്ചുകൂട്ടിയത്. 18 ​ഗോളുകൾക്ക് വഴിയുമൊരിക്കിയിട്ടുണ്ട്.