SHARE

പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് ചട്ടങ്ങൾ ലംഘിച്ചതായി ആരോപണം. ഇറ്റാലിയൻ കായിക മന്ത്രി തന്നെയാണ് ഇത്തരമൊരു സംശയമുന്നയിച്ചത്. കഴിഞ്ഞ ദിവസമാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

പോർച്ചു​ഗൽ ദേശീയ ടീമിനൊപ്പം നേഷൻസ് ലീ​ഗ് മത്സരങ്ങൾക്കിടെയാണ് താരത്തിന് കോവിഡ് പോസിറ്റീവായത്. ഇതോടെ ഐസൊലേഷനിൽ കഴിയേണ്ടതാണ് റൊണാൾഡോ. എന്നാൽ താരം പോർച്ചു​ഗലിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ഇറ്റലിയിലേക്ക് മടങ്ങിയെത്തി. ഇറ്റലിയിലെ ടൂറിനിൽ റൊണാൾഡോ ഇപ്പോൾ ഐസോലേഷനിലാണ്. എന്നാൽ കൃത്യമായ അനുമതി നേടിയാണോ താരം കോവിഡ് സ്ഥിരീകരിച്ചശേഷം അന്താരാഷ്ട്ര യാത്ര നടത്തിയതെന്നാണ് ഇപ്പോൾ തർക്കവിഷയം.

റൊണാൾഡോയുടെ അഭ്യർഥനപ്രകാരം, ആരോ​ഗ്യരം​ഗത്തെ അധകൃതരുടെ അനുമതിയോടെയാണ് താരം ടൂറിനിലെത്തിയതെന്നാണ് ക്ലബായ യുവന്റസ് അറിയിക്കുന്നത്. റൊണാൾഡോ ടൂറിനിൽ ഐസൊലേഷനിൽ തുടരുമെന്നും അവർ അറിയിച്ചു. എന്നാൽ കായികമന്ത്രിയായ വിസെൻസോ സ്പദഫോറയ്ക്ക് ഇക്കാര്യത്തിൽ സംശയമുണ്ട്.

റൊണാൾഡോയ്ക്ക് യാത്ര ചെയ്യാൻ ഇത്തരത്തിൽ എന്തെങ്കിലും അനുമതി നൽകിയതായി തനിക്കറിയില്ലെന്നാണ് സ്പദഫോറ പറഞ്ഞത്. അങ്ങനെ അനുമതിയൊന്നുമില്ലെങ്കിൽ താരം കോവിഡ് ചട്ടം ലംഘിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആവശ്യമായ അനുമതിയെല്ലാം ഉണ്ടെന്നാണ് യുവന്റസിന്റെ വിശ്വാസം. താരത്തിന്റെ കോവിഡ് പരിശധനാഫലം നെ​ഗറ്റീവാകുന്നതും കാത്തിരിക്കുകയാണ് അവർ. ചാമ്പ്യൻസ് ലീ​ഗിൽ ബാഴ്സലോണയ്ക്കെതിരായ സൂപ്പർപോരാട്ടത്തിൽ റൊണാൾഡോയ്ക്ക് കളിക്കാനാകുമെന്ന വിശ്വാസത്തിലാണവർ.