SHARE

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇറ്റാലിയൻ ക്ലബ് യുവന്റസിലെ ഭാവിയെച്ചൊല്ലി പുതിയ ചോദ്യങ്ങളുയരുകയാണ്. യുവന്റസിലേക്കുള്ള ട്രാൻസ്ഫർ ക്ലബിനും താരത്തിനും പ്രത്യേകിച്ച് നേട്ടമൊന്നും സമ്മാനിച്ചില്ല എന്ന വിമർശനം ഉയർന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ സീസണൊടുവിൽ റൊണാൾഡോ ക്ലബ് വിട്ടേക്കും എന്ന അഭ്യൂഹങ്ങളും ശക്തമാണ്.

റൊണാൾഡോ തുടരുമെന്നാണ് യുവന്റസ് നേതൃത്വം പറയുന്നത്. എന്നാൽ ഇതിനിടെ ക്ലബ് വിടുമെന്ന അഭ്യൂങ്ങൾക്ക് ശക്തി പകർന്ന് റൊണാൾഡോ തന്റെ സൂപ്പർകാറുകൾ, ടൂറിനിലെ വീട്ടിൽ നിന്ന് മാറ്റി. തിങ്കളാഴ്ച പുലർച്ചെ താരത്തിന്റെ വീട്ടിൽ നിന്ന് സൂപ്പർകാറുകൾ ഒരു ട്രക്കിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഒരു ഇറ്റാലിയൻ വെബ്സൈറ്റ് പുറത്തുവിട്ടു. പോർച്ചു​ഗലിലെ ലിസ്ബനിലുള്ള ഒരു പ്രശസ്ത കാർ​ഗോ കമ്പനിയുടെ ട്രക്കിലാണ് കാറുകൾ കൊണ്ടുപോയതെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എവിടേക്കാണ് ഈ വാഹനങ്ങൾ കൊണ്ടുപോയതെന്ന് വ്യക്തമല്ല. എന്നാൽ താരം ക്ലബ് വിടുന്നതിന്റെ സൂചനയാണിതെന്നും, അതിനാലാണ് പുലർച്ചെ അധികമാരും കാണാത്ത സമയത്ത് കാറുകൾ നീക്കിയതെന്നും ചർച്ചകൾ ഉയർന്നുകഴിഞ്ഞു.

അതേസമയം കാറുകൾ മാറ്റയിതിന് പിന്നിൽ ക്ലബ് വിടുന്നതുമായി ബന്ധമൊന്നുമില്ലെന്നും ചില റിപ്പോർട്ടുകളുണ്ട്. സീസൺ അവസാനിക്കുന്നതിന് തൊട്ടുമുമ്പായി കാറുകൾ താമസസ്ഥലത്ത് നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റുന്ന പതിവ് റൊണാൾഡോയ്ക്കുണ്ടെന്ന് താരവുമായി അടുത്ത ചിലർ പറഞ്ഞതായി സ്കൈ സ്പോർട് ഇറ്റാലിയ റിപ്പോർട്ട് ചെയ്തു.

കാറുകൾ അറ്റകുറ്റപണികൾക്കായി കൊണ്ടുപോയതാണെന്നും അഭ്യൂഹങ്ങളുണ്ട്. റൊണാൾഡോയുടെ കാറുകളിൽ ഭൂരിഭാ​ഗവും ജർമനിയിലാണ് പരിശോധന നടത്താറുള്ളത്. മുമ്പ് ടൂറിനിലെ വീട്ടിൽ നിന്ന് കാറുകൾ പരിശോധനിക്കാനായി കൊണ്ടുപോയെന്ന് ടൂറിനിലെ ഒരു പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.