SHARE

എവേ ​ഗ്രൗണ്ടിൽ നേടിയ ഒരു ​ഗോളിന്റെ ആനുകൂല്യം സ്വന്തം ​ഗ്രൗണ്ടിൽ വിജയത്തിലേക്ക് നയിക്കുമെന്ന യുവന്റസ് പ്രതീക്ഷ അയാക്സ് തകർത്തതോടെ ഏറ്റവുമധികം നഷ്ടമുണ്ടായത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ്. റയൽ മഡ്രിഡ് വിട്ട് യുവന്റസിലെത്തി ചാമ്പ്യൻസ് ലീ​ഗ് സ്വപ്നം കണ്ട റൊണാൾഡോയുടെ ലക്ഷ്യം അവസാന എട്ടിൽ തട്ടിത്തകർന്നു

എട്ട് വർഷങ്ങൾക്ക് ശേഷമാണ് ചാമ്പ്യൻസ് ലീ​ഗിന്റെ അവസാന നാലിൽ ഇടംനേടാതെ റൊണാൾഡോ മടങ്ങുന്നത്. 2009-10 സീസണിൽ റയൽ മഡ്രിഡിൽ കളിക്കുമ്പോഴാണ് ഇതിന് മുമ്പ് റൊണാൾഡോ ചാമ്പ്യൻസ് ലീ​ഗിൽ സെമി കാണാതെ പുറത്താകുന്നത്. അന്ന് ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണായിരുന്നു പ്രീക്വാർട്ടറിൽ റയലിനെ വീഴ്ത്തിയത്. അതിനുശേഷം നടന്ന എല്ലാ ചാമ്പ്യൻസ് ലീ​ഗുകളിൽ റയൽ സെമി കടന്നു. നാല് തവണ കിരീടവും ചൂടി

ഇറ്റലിയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി അതികായന്മാരായി യുവന്റസ് വാഴുമ്പോഴും യൂറോപ്യൻ കിരീടനേട്ടം അകന്നുനിന്നു. ഈ കുറവ് നികത്താനായിരുന്നു ഇക്കുറി റൊണാൾഡോയെ എത്തിച്ചത്. യുവന്റസിന്റെ കളിശൈലിയുമായി യോജിക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. എന്നാലും ഇക്കുറി പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മഡ്രിഡിനെ തകർത്ത റൊണാൾഡോയുടെ വ്യക്തി​ഗത മികവിൽ ആരാധകർ വിശ്വസിച്ചിരുന്നു