SHARE

പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസാണ്. പോർച്ചു​ഗലിലായിരുന്ന താരം കോവി‍ഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇറ്റിലയിൽ തിരിച്ചെത്തി ഐസൊലേഷനിൽ കഴിയുകയാണ്. എന്നാൽ താരം കോവി‍ഡ് ചട്ടങ്ങൾ ലം​ഘിച്ചതായി ആരോപണങ്ങൾ ശക്തമാണ്.

ഇറ്റാലിയൻ കായിക മന്ത്രി വിസെൻസ് സ്പദഫോറ തന്നെ റൊണാൾഡോ ചട്ടങ്ങൾ ലംഘിച്ചതായി സംശയമുണ്ടെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു. ഇക്കാര്യം വിവാദമാകുകയും ചെയ്തു. തുടർന്നിപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി റൊണാൾഡോ തന്നെ രം​ഗത്തെത്തിയിരിക്കുന്നു.

‍ഞാൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല, ഇറ്റാലിയൻ നിയമങ്ങൾ ഞാൻ ലംഘിച്ചതായി ആരോപണങ്ങളുണ്ട് എന്നാൽ ആ പറയുന്നതൊക്കെ നുണയാണ്, ഞാൻ ടീമുമായി സംസാരിച്ചു, എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്യാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട്, എല്ലാ അനുമതിയും ഞങ്ങൾക്ക് ലഭിച്ചിരുന്നു, റൊണാൾഡോ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. സ്പദഫോറ പറഞ്ഞത് നുണയാണെന്ന്, അദ്ദേ​ഹത്തിന്റെ പേര് പറയാതെ റൊണാൾഡോ ചൂണ്ടിക്കാട്ടി

യുവന്റസിന്റെ താരമായ റൊണാൾഡോ ഇപ്പോൾ ടൂറിനിലെ വീട്ടിലാണ് ഐസോലേഷനിൽ കഴിയുന്നത്. വീടിന്റെ ഒരു നിലയിൽ താനും കുട്ടികളൊക്കെ മറ്റൊരു നിലയിലുമാണെന്നാണ് റൊണാൾഡോ പറയുന്നത്. കുട്ടികളുമായി ബന്ധമില്ലാതെ കഴിയുന്നത് ബുദ്ധിമുട്ടാണെന്നും എന്നാൽ നിയമങ്ങൾ പാലിക്കുകയാണെന്നും റോണോ കൂട്ടിച്ചേർത്തു.