SHARE

പി.എസ്.ജിക്കെതിരെ സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടന്ന അഭിമാനപ്പോരാട്ടത്തില്‍ രണ്ട് ഗോള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എഴുതിയത്‌ ചരിത്രമായിരുന്നു. ചാമ്പ്യൻസ് ലീഗില്‍ ഒരു ക്ലബിനായി നൂറ് ഗോള്‍ നേടുന്ന ആദ്യ താരമായി റൊണാള്‍ഡോ. ഇതുവരെ ആകെ 101- ഗോളുകളാണ് റയലിനായി റോണോയുടെ ചാമ്പ്യന്‍സ് ലീഗ് സംഭാവന. മാഞ്ചസ്റ്റർ യുണൈറ്റഡിലേയും കൂടി ചേര്‍ത്താല്‍ 116 ആകും.

എന്നാല്‍ റിക്കാര്‍ഡ് ബുക്കുകളിലെ കണക്ക് പരിശോധിക്കുമ്പോള്‍ അതിശയിപ്പിക്കുന്ന ചില വസ്തുതകള്‍ റോണോയുടെ ഗോള്‍ നേട്ടത്തില്‍ കാണാനാകും.  ചാമ്പ്യന്‍സ് ലീഗില്‍ 511 ടീമുകളാണ് ഇതുവരെ പങ്കെടുത്തിട്ടുള്ളത്. ഇതില്‍ 463 ടീമുകളും ഗോളടിയുടെ കാര്യത്തില്‍ റൊണാള്‍ഡോയ്ക്ക് പിന്നിലാണ്. ഇംഗ്ലീഷ് സൂപ്പര്‍ ടീമും, ഇക്കുറി ഗ്രൂപ്പ് ഘട്ടത്തില്‍ റയലിനെ വീഴ്ത്തിയവരുമായ ടോട്ടനം ചാമ്പ്യന്‍സ് ലീഗില്‍ ആകെ നേടിയത് 69 ഗോളുകള്‍ മാത്രമാണ്.

ലീഗിന്റെ ചരിത്രത്തില്‍ 929 ഗോളുകള്‍ നേടിയ റയലാണ് ഇക്കര്യത്തില്‍ മുന്നില്‍. ഇതില്‍ തന്നെ 101-ഉം റൊണാല്‍ഡോയുടെ വക. അതായത് റയല്‍ മഡ്രിഡ് നേടിയ ഗോളുകളില്‍ പതിനൊന്ന് ശതമാനവും പോര്‍ച്ചുഗിസ് സൂപ്പര്‍ താരത്തിന്റ വകയാണ്. ഗോളടിയില്‍ രണ്ടാമതുള്ള ബയേണ്‍ മ്യൂണിക്കിനുള്ളത് 652 ഗോളുകള്‍ മാത്രമാണ്. ബാഴ്സ 586 ഗോളുമായി മൂന്നാമതും. ഇങ്ങനെ കണക്ക് നോക്കുകയാണെങ്കിൽ ആകെ ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോ 49-ാം സ്ഥാനത്താണ്.

റൊണായുടെ മുന്‍ ക്ലബായ സ്‌പോര്‍ട്ടിങ് ലിസബന്‍ ഇതുവരെ നേടിയത് 117 ചാമ്പ്യന്‍സ് ലീഗ് ഗോളുകളാണ്. ലിസ്ബനൊപ്പം തന്നെ 122 ഗോളുകള്‍ നേടിയ ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയേയും റൊണാള്‍ഡോ സീസണില്‍ പിന്നിലാക്കുമോയെന്ന് കാത്തിരുന്ന് കാണാം.