SHARE

യൂറോപ്പിലെ പ്രധാന ലീഗുകളില്‍ നടന്ന മത്സരങ്ങള്‍ റയല്‍ മഡ്രിഡ്, പി.എസ്.ജി, നാപ്പോളി, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം തുടങ്ങിയ ടീമുകള്‍ക്ക് ജയം. ആഴ്‌സനല്‍ തോല്‍വിയേറ്റുവാങ്ങി.

ലാ ലിഗയില്‍ റയല്‍ സോസിഡാഡിനെതിരെയാണ് റയല്‍ മഡ്രിഡിന്റെ വന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്ക് നേടിയ മത്സരത്തില്‍ ടോണി ക്രൂസ്, ലൂക്കാസ് വാസ്‌ക്വസ് എന്നിവരാണ് റയലിന്റെ മറ്റ് ഗോളുകള്‍ നേടിയത്. ജോണ്‍ ബാറ്റിസ്റ്റ, ഇല്ലാറമെന്‍ഡി എന്നിവർ സോസിഡാഡിന്റെ ഗോളുകള്‍ നേടി. ലാ ലിഗയിലെ മറ്റൊരു പ്രധാന മത്സരത്തില്‍ അത്‌ലെറ്റിക്കോ മഡ്രിഡ് മലാഗയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഫ്രഞ്ച്താരം അന്റോയിന്‍ ഗ്രീസ്മനാണ് ഗോള്‍ നേടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലണ്ടന്‍ നാട്ടങ്കത്തില്‍ ആഴ്‌സനലിനെ ടോട്ടനം വീഴ്ത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടനത്തിന്റെ വിജയം. 49-ാം മിനിറ്റില്‍ ഹാരി കെയിനാണ് വിജയ ഗോള്‍നേടിയത്. ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി തറപറ്റിച്ചത്. നാല് ഗോളുകള്‍ നേടിയ സെര്‍ജിയോ അഗ്യൂറോയാണ് ലെസ്റ്ററിനെ തകര്‍ത്തത്. റഹിം സ്റ്റര്‍ലിങ് ഒരു ഗോള്‍ നേടി. ജെയ്മി വാര്‍ഡിയാണ് ലെസ്റ്ററിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടന്‍ ക്രിസ്റ്റല്‍ പാലസിനേയും, സ്വാന്‍സി സിറ്റി ബേണ്‍ലിയേയും വെസ്റ്റ് ഹാം വാറ്റ് ഫോഡിനേയും തോല്‍പ്പിച്ചു. സ്റ്റോക്ക് സിറ്റി ബ്രൈട്ടന്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.

സെരി എയില്‍ എ.സി മിലാന്‍ എതിരില്ലാത്ത നാല് ഗോളിന് സ്പാലിനെ തോല്‍പ്പിച്ചു. പാട്രിക്ക് ക്രോട്ടോണ്‍ ഇരട്ടഗോള്‍ നേടി. ലൂക്കാസ് ബിഗ്ലിയ, ഫാബിയോ ബോറിനി എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ലീഗിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ നാപ്പോളി ലാസിയോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഡ്രെയിസ് മെര്‍ട്ടെന്‍സ്, മാര്‍ക്കോ റൂയി, ജോസെ കാലെജോണ്‍ എന്നിവരാണ് ഗോള്‍ നേടിയത് ഇതിനൊപ്പം ലാസിയോ നല്‍കിയ സെല്‍ഫ് ഗോളുമുണ്ട്. സ്‌റ്റെഫാന്‍ ഡി വ്രിജാണ് ലാസിയോയുടെ ഏക ഗോള്‍ നേടിയത്.

ബുന്ദസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഷാല്‍കെയെ തോല്‍പ്പിച്ചു. റോബര്‍ട്ട് ലവന്‍ഡോവ്‌സ്‌കി, തോമസ് മുള്ളര്‍ എന്നിവര്‍ ബയേണിനായ് ഗോള്‍ നേടി. ഫ്രങ്കോ ഡി സാന്റോ ഷാല്‍കേയുടെ ആശ്വാസ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഹാംബര്‍ഗറിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി. മിഷ് ബാറ്റ്ഷുവായി, മരിയോ ഗോട്‌സെ എന്നിവരാണ് ബൊറൂസിയക്കായി വലകുലുക്കിയത്.

ഫ്രഞ്ച് ലീഗില്‍ ടൊളൂസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പി.എസ്.ജി തോല്‍പ്പിച്ചത്. 68-ാം മിനിറ്റില്‍ നെയ്മറാണ് വിജയഗോള്‍ നേടിയത്.