SHARE

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസ് മടുത്തതായി സൂചന. ഇറ്റലിയിലെത്തിയിട്ട് രണ്ട് സീസൺ മാത്രമെ ആകുന്നുള്ളുവെങ്കിലും താരം ക്ലബ് വിടുന്ന കാര്യം ​ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2018-ലാണ് സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ് വിട്ട് റൊണാൾഡോ യുവന്റസിൽ ചേക്കേറുന്നത്. തുടർന്നിതുവരെ ക്ലബിനായി മികച്ച പ്രകടനം തന്നെയാണ് റൊണാൾഡോ കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇതിനിടയിലും യുവന്റസിന്റെ കളിശൈലിയുമായി റൊണാൾഡോയ്ക്ക് ഒത്തുപോകാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. പലപ്പോഴും യുവന്റസിന്റെ പ്രതിരോധഫുട്ബോൾ ശൈലിയോടുള്ള അതൃപ്തി താരം പരസ്യമാക്കുകയും ചെയ്തിരുന്നു.

ഈ സീസണിൽ പരിശീലകനായി മൗറീഷ്യോ സാരി എത്തിയിട്ടും റൊണാൾഡോയ്ക്ക് ടീമിന്റെ ശൈലിയുമായി ഇപ്പോഴും യോജിച്ചുപോകാൻ പ്രയാസമാണ്. കഴിഞ്ഞ ദിവസം ഒരു മത്സരത്തിനിടെ, മുന്നേറ്റനിരയിലേക്ക് പന്ത് വരുന്നില്ലെന്ന് സഹതാരം പൗളോ ഡിബാലയോട് റൊണാൾഡോ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മികച്ച പ്രകടനം തുടരുമ്പോഴും കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ടീമിൽ നിന്ന് സഹകരണമില്ലെന്ന പരാതിയാണ് റൊണാൾഡോയ്ക്ക്. ഈ സാഹചര്യത്തിൽ യുവന്റസ് ജീവിതം റൊണാൾഡോ മടുത്തുതുടങ്ങിയെന്നാണ് സൂചന. ക്ലബ് വിടാനുള്ള ആലോചനയും ഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് റിപ്പോർട്ടുകൾ.

റൊണാൾഡോയ്ക്കായി ഇതിനകം രണ്ട് ക്ലബുകൾ രം​ഗത്തുണ്ടെന്നും സൂചനയുണ്ട്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും. ഇതിൽ നേരത്തെ യുണൈറ്റഡിലേക്ക് തിരിച്ചുപോക്കിന് റൊണാൾഡോ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഇപ്പോൾ അതില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ പി.എസ്.ജിയുടെ വാ​ഗ്ദാനം റൊണാൾഡോയെ മോഹിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് പി.എസ്.ജിയുടെ അറ്റാക്കിങ് ഫുട്ബോൾ ശൈലിയാണെന്നത് റൊണാൾഡോയ്ക്ക് അനുകൂലമാണ്.