SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടം ലിവർപൂൾ സ്വന്തമാക്കിയാൽ അതിൽ ഏറ്റവുമധികം വിഷമിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരായിരിക്കും. സ്ഥിരം ശത്രുക്കളായ ലിവർപൂൾ ആരാധകരെ പ്രീമിയർ ലീ​ഗിന്റെ പേരുപറഞ്ഞാണ് യുണൈറ്റഡ് ആരാധകർ പരിഹസിക്കുന്നത്. ഇക്കുറി പ്രീമിയർ ലീ​ഗിൽ ലിവർപൂളിന്റെ കുതിപ്പിൽ പല മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരങ്ങളും പലപ്പോഴും അസ്വസ്ഥരായിരുന്നു.

പക്ഷെ, കിരീടം വെറും ആറ് പോയിന്റ് അകലെ നിൽക്കെ ലിവർപൂളിന് ആശങ്കയായിരിക്കുകയാണ് കൊറോണാ വൈറസ്. ലീ​ഗ് റദ്ദാക്കാൻ തീരുമാനിക്കപ്പെട്ടാൽ ഈ സീസണിൽ ലീ​ഗ് വിജയികളുണ്ടാകില്ല. ഇത്തരമൊരു സാധ്യതകളിലേക്ക് വിരൽ ചൂണ്ടപ്പെടുമ്പോൾ രഹസ്യമായെങ്കിലും യുണൈറ്റഡ് ആരാധകർ ആശ്വസിക്കുന്നുണ്ടാകും. എന്നാൽ യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു പ്രതികരണമാണ് ക്ലബ് ഹീറോ വെയിൻ റൂണി നടത്തിയിരിക്കുന്നത്.

ഇക്കുറി പ്രീമിയർ ലീ​ഗ് കിരീടം ലിവർപൂളിന് അർഹതപ്പെട്ടതാണെന്നാണ് റൂണി പറഞ്ഞിരിക്കുന്നത്. ലിവർപൂൾ പ്രീമിയർ ലീ​ഗ് കിരീടം ചൂടും, സീസണിൽ അവർ അസാമാന്യ പ്രകടനമാണ് നടത്തിയത്. കിരീടം അവർക്ക് അവകാശപ്പെട്ടതാണ്, 30 വർഷമായി കാത്തിരുന്ന് കിരീടത്തിനടുത്തെത്തി, ഒടുവിൽ സീസൺ റദ്ദാക്കി അത് നഷ്ടമാകുന്നത് സങ്കൽപ്പിക്കാൻ സാധിക്കില്ല, റൂണി പറഞ്ഞു.

ഈ വർഷമിനി എത്ര വൈകിയാലും ഈ സീസൺ പൂർത്തിയാക്കിയേ മതിയാകുവെന്നും റൂണി പറഞ്ഞു. പ്രീമിയർ ലീ​ഗിലേക്കുള്ള സ്ഥാനക്കയറ്റവും ലീ​ഗിൽ നിന്നുള്ള തരംതാഴ്ത്തലും വ്യക്തമാക്കണമെങ്കിൽ സീസൺ പൂർത്തീകരിക്കണംമെന്നും റൂണി കൂട്ടിച്ചേർത്തു.