SHARE

റയല്‍ മാഡ്രിഡുമായുള്ള കരാര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതുക്കിയേക്കില്ലെന്ന് സൂചന. റയലില്‍ താരം അസംതൃപ്തനാണെന്നും അതിനാലാണ് കരാര്‍ പുതുക്കാന്‍ മടിക്കുന്നതെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. വലിയ ഓഫറുകള്‍ റോണോയ്ക്കായി ക്ലബ് മുന്നോട്ടു വച്ചെങ്കിലും അതെല്ലാം തള്ളുകയായിരുന്നു. നിലവില്‍ 2021 വരെ ക്ലബുമായി കരാറുണ്ടെങ്കിലും ഈ സീസണോടെ റയല്‍ വിടാനാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാറിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോശം ഫോമും ടീമിന്റെ അത്ര മെച്ചമല്ലാത്ത പ്രകടനവും റോണോയെ അസ്വസ്ഥനാക്കുന്നുണ്ട്. സ്പാനിഷ് ലീഗില്‍ ഈ സീസണില്‍ ഒരു ഗോള്‍ മാത്രമാണ് നേടാനായത്. ആദ്യ കളികളില്‍ സസ്‌പെന്‍ഷന്‍ മൂലം പുറത്തിരുന്നത് റയലിന്റെ മൊത്തം മുന്നേറ്റത്തെ ബാധിച്ചു. ലീഗില്‍ റയല്‍ മൂന്നാമതുമാണ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ റയല്‍ വേണ്ടവിധം പിന്തുണച്ചില്ലെന്ന പരാതിയുണ്ട് റൊണാള്‍ഡോയ്ക്ക്.

കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ റോണോ ഇക്കാര്യം ചെറിയരീതിയില്‍ സൂചിപ്പിക്കുകയും ചെയ്തു. അതേസമയം റൊണാള്‍ഡോ ക്ലബ് വിട്ടേക്കുമോയെന്ന ചോദ്യത്തിന് റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ മറുപടി ഇങ്ങനെ- ക്രിസ്റ്റ്യാനോ പോകുമോ? എങ്കില്‍ അക്കാര്യം അയാളോട് ചോദിക്കൂ. ഇത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല.