SHARE

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രാജവാഴ്ച ഫുട്ബോൾ ലോകം കണ്ടത് റയൽ മഡ്രിഡിൽ കളിക്കുന്ന കാലത്താണ്. എന്നാൽ റൊണാൾഡോയുടെ ഏറ്റവും മികച്ച പ്രകടനം ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുമ്പോഴായിരുന്നു എന്നാണ് ഭൂരിഭാ​ഗം ആരാധകരും വിശ്വസിക്കുന്നത്.

2004 മുതൽ 2009 വരെയുള്ള കാലയളവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുതിപ്പിൽ ഏറ്റവും പ്രധാനം റൊണാൾഡോയുടെ പ്രകടനമായിരുന്നു. വൻ വില നൽകി റയൽ മഡ്രിഡ് റോണോയെ റാ‍ഞ്ചിയതും അതുകൊണ്ട് തന്നെയാണ്. എന്നാൽ ആ യുണൈറ്റഡ് ടീമിൽ റോണാൾഡോയ്ക്കൊപ്പം തന്നെ പ്രധാനപ്പെട്ട താരമായിരുന്ന ജി സുങ് പാർക്കെന്ന് വെളിപ്പെടുത്തുകയാണ് യുണൈറ്റഡ് സൂപ്പർതാരം വെയ്ൻ റൂണി. ടൈംസ് പത്രത്തിലെ തന്നെ കോളത്തിലാണ് റൂണി ദക്ഷിണകൊറിയൻ താരത്തെ പുകഴ്ത്തിയത്.

ഒരു 12 വയസുകാരനോട് റൊണാൾഡോയെക്കുറിച്ച് ചോദിച്ചാൽ, അവൻ പറയും യുണൈറ്റഡിന്റെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് റൊണാൾഡോയെന്ന്. എന്നാൽ പാർക്കിനെക്കുറിച്ച് ചോദിച്ചാൽ ഒരുപക്ഷെ ആ കുട്ടിക്ക് അറിയണമെന്ന് പോലുമില്ല, എന്നാൽ ഒപ്പം കളിച്ച ഞങ്ങൾക്കെല്ലാം അറിയാം റൊണാൾഡോയ്ക്കൊപ്പം തന്നെ പ്രധാനപ്പെട്ട താരമാണ് പാർക്കും, റൂണി എഴുതി.

ടീമെന്ന നിലയിലെ ഐക്യം നിലനിർത്താൻ പാർക്കായിരുന്നു ഏറ്റവും നിർണായകമായിരുന്നു എന്നതാണ് റൂണി ഇതിന് പറയുന്ന കാരണം. കരിയറിലെ പിൽകാലത്ത് മധ്യനിരയിലേക്ക് ഇറങ്ങിക്കളിക്കുമ്പോഴാണ് ടീമിന്റെ ഐക്യത്തിൽ ഒരു താരത്തിന്റെ അച്ചടക്കമുള്ള സാന്നിധ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് മനസിലായതെന്നും റൂണി കൂട്ടിച്ചേർത്തു.