SHARE

ലോംഗ് റേഞ്ചർ ഗോളുകളുടെ ആശാനാണ് താനെന്ന് പലകുറി തെളിയിച്ച താരമാണ് ഇംഗ്ലണ്ട് സൂപ്പർ താരം വെയിൻ റൂണി. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളിലൊരാളായ റൂണി, ഇപ്പോൾ അമേരിക്കൻ മേജർ ലീഗ് സോക്കർ ടീമായ ഡിസി യുണൈറ്റഡിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം ഒർലാൻഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ ഒരു അത്ഭുത ഗോൾ നേടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ റൂണി.

മത്സരത്തിന്റെ പത്താം മിനുറ്റിലായിരുന്നു റൂണിയുടെ തകർപ്പൻ ഗോൾ പിറന്നത്. എതിർ താരങ്ങളുടെ പിഴവിൽ നിന്ന് പന്ത് ലഭിക്കുമ്പോൾ റൂണി, സ്വന്തം പകുതിയിലായിരുന്നു. പന്തുമായി എതിർ പാതിയിലേക്ക് കുതിപ്പ് തുടങ്ങിയ താരം ഒർലാൻഡോ ഗോൾകീപ്പർ ബ്രയാൻ റോവ് മുന്നിലേക്ക് കയറി നിൽക്കുന്നത് കണ്ട് അദ്ദേഹത്തിന് മുകളിലൂടെ പന്തടിക്കുകയായിരുന്നു. സ്വന്തം പകുതിയിൽ നിന്ന് റൂണി പറത്ത് വിട്ട പന്ത് പിടിക്കാനുള്ള ഒർലാൻഡോ ഗോൾകീപ്പറുടെ ശ്രമം വിഫലമായി. പന്ത് ഗോൾ വലയിൽ. റൂണിയുടെ ഈ തകർപ്പൻ ഗോളിൽ മത്സരം ഡിസി യുണൈറ്റഡ് വിജയിക്കുകയും ചെയ്തു.