SHARE

താൻ ലോകകപ്പിൽ ആദ്യമായി പന്ത് തട്ടുമ്പോൾ അത്‌ കാണാൻ തന്റെ കുടുംബവും ഉണ്ടാകണമെന്നത് ഏതൊരു ഫുട്ബോൾ താരവും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ റഷ്യൻ ലോകകപ്പിനെത്തുന്ന ഇംഗ്ലണ്ട് താരം ഡാനി റോസ് തന്റെ കുടുംബത്തോട് പറഞ്ഞിരിക്കുന്നത് ലോകകപ്പ് കാണാൻ റഷ്യയിലേക്ക് ടിക്കറ്റ് എടുക്കേണ്ട എന്നാണ്.

മറ്റൊന്നുമല്ല തന്റെ കുടുംബത്തിന് നേരെ റഷ്യയിൽ വെച്ച് വംശീയാധിക്ഷേപം ഉണ്ടായേക്കുമോയെന്ന ഭയമാണ് ലോകകപ്പിൽ നിന്ന് അവരെ അകറ്റി നിർത്താൻ ഈ ഇംഗ്ലണ്ട് പ്രതിരോധ താരത്തെ പ്രേരിപ്പിക്കുന്നത്‌. നേരത്തെ തനിക്കെതിരെ വംശീയാധിക്ഷേപങ്ങൾ നടന്നിട്ടുള്ളതും ഇക്കാര്യത്തിൽ റോസിന്റെ ഭീതി വർധിപ്പിക്കുന്നു. താരങ്ങൾക്കെതിരെ നടക്കുന്ന വംശീയാധിക്ഷേപ സംഭവങ്ങളിൽ ഫിഫ സ്വീകരിക്കുന്ന നടപടികളെയും താരം കുറ്റപ്പെടുത്തുന്നുണ്ട്. കുറ്റക്കാർക്കെതിരെ ഫിഫ സ്വീകരിക്കുന്ന ശിക്ഷാ നടപടികൾ പോരെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ലോകകപ്പ് കാണാൻ എത്തരുതെന്ന് റോസ് ആവശ്യപ്പെട്ടതോടെ വെട്ടിലായിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബമാണ്. താൻ ആദ്യമായി ലോകകപ്പിൽ പന്ത് തട്ടുന്നത് കാണാൻ ആറ്റുനോറ്റ് കാത്തിരുന്ന അച്ഛന് തന്റെ ഈ ആവശ്യം വലിയ ഞെട്ടലാണ് സമ്മാനിച്ചതെന്നും, ഇനി ഞാൻ കളിക്കുന്ന ഒരു ലോകകപ്പ് മത്സരം കാണാൻ തനിക്ക് കഴിഞ്ഞേക്കില്ലെന്ന് അദ്ദേഹം സങ്കടം പറഞ്ഞതായും റോസ് വെളിപ്പെടുത്തി. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പിന് റഷ്യയിലേക്ക് തന്റെ കുടുംബം വരേണ്ട എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഈ ടോട്ടൻ ഹാം താരം. തന്റെ കാര്യങ്ങളിൽ തനിക്ക് യാതൊരു വേവലാതിയുമില്ലെന്നും, എന്നാൽ തന്റെ കുടുംബത്തിനെ കൂടുതൽ പ്രശ്നങ്ങളിലേക്ക് വലിച്ചിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് ഇങ്ങനെയൊരു കടുത്ത ആവശ്യം താൻ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറയുന്നു.