SHARE

ന്യൂസിലൻഡിന് വിജയം സമ്മാനിച്ച വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ടെസ്റ്റ് ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് റോസ് ടെയ്ലർ. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്ന ടെയ്ലറിന്റെ അവസാന ടെസ്റ്റ് മത്സരമായിരുന്നു ബം​ഗ്ലാദേശിനെതിരെ നടന്നത്. മത്സരം വിജയിച്ചതോടെ പരമ്പര ന്യൂസിലൻഡ് സമനിലയിലാക്കി.

ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിം​ഗ്സിൽ ടോം ലാഥത്തിന്റെ ഇരട്ടസെഞ്ച്വറിയുടേയും ഡെവോൺ കോൺവെയുടെ സെഞ്ച്വറിയുടേയും മികവിൽ കിവീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 521 എന്ന കൂറ്റൻ സ്കോർ നേടി. അവസാന മത്സരം കളിച്ച ടെയ്ലറിൽ 28 റൺസ് മാത്രമെ നേടാനായുള്ളു.

കിവീസിന്റെ കൂറ്റൻ ടോട്ടൽ പിന്തുടർന്ന ബം​ഗ്ലാദേശ് ആദ്യ ഇന്നിം​ഗ്സിൽ 126 റൺസിന് പുറത്തായി. തുടർന്ന് രണ്ടാം ഇന്നിം​ഗ്സിലും അവർ ബാറ്റ് ചെയ്തെങ്കിലും 278 റൺസിൽ ഇന്നിം​ഗ്സ് അവസാനിക്കുകയായിരുന്നു. ഇതോടെ കിവീസ് ഇന്നിം​ഗ്സിലും 117 റൺസിനുമാണ് മത്സരം വിജയിച്ചത്.

രണ്ടാം ഇന്നിം​ഗ്സിലെ ബം​ഗ്ലാദേശിന്റെ ഒമ്പത് വിക്കറ്റും വീണശേഷമാണ് ടെയ്ലർ പന്തെറിയാനെത്തിയത്. തന്റെ മൂന്നാം പന്തിൽ തന്നെ ടെയ്ലർ വിക്കറ്റ് വീഴത്തി. എബാദോത്ത് ഹുസൈന്റെ വിക്കറ്റാണ് ടെയ്ലർ വീഴ്ത്തിയത്. ലാഥമാണ് ക്യാച്ച് എടുത്തത്. ന്യൂസീലിൻഡിനായി 112 ടെസ്റ്റ് മത്സരങ്ങൾ കളിച്ചശേഷമാണ് ടെയ്ലറിന്റെ വിരമിക്കൽ. ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നിവർക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയോടെ ടെയ്ലർ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിക്കും.