SHARE

വിഖ്യാത പരിശീലൻ റോയ് ഹോഡ്ജ്സൻ ഇം​ഗ്ലീഷ് ക്ലബ് ക്രിസ്റ്റൽ പാലസിനോട് വിടപറയുന്നു. നാല് സീസൺ ക്ലബ് പരിശീലകനായി പ്രവർത്തിച്ച ശേഷമാണ് ഈ 73-കാരൻ പാലസിനോട് വിടപറയുന്നത്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

മുമ്പ് കളിച്ചിരുന്ന ക്ലബായ ക്രിസ്റ്റൽ പാലസിലേക്ക് 2017-ലാണ് ഹോഡ്ജ്സൻ പരിശീലകനായി എത്തുന്നത്. തുടർന്ന് നാല് സീസണുകളിലും ടീമിൽ പ്രീമിയർ ലീ​ഗിൽ നിലനിർത്താൻ ഹോഡ്ജ്സന് സാധിച്ചു. ഇതിനിടെ പ്രീമിയർ ലീ​ഗിലെ ഏറ്റവും പ്രായമേറിയ പരിശീലകൻ എന്ന റെക്കോർഡും ഹോ‍ഡ്ജ്സൻ സ്വന്തം പേരിലാക്കി. ക്രിസ്റ്റൽ പാലസ് വിടുന്നതിന് പുറമെ ഫുട്ബോൾ പരിശീലകരം​ഗത്ത് നിന്നും ഹോഡ്ജ്സൻ മാറിനിൽക്കുമെന്നാണ് സൂചന.

ഹോഡ്ജ്സൻ പാലസ് വി‌ടുന്നതോടെ പകരം വിഖ്യാത ഇം​ഗ്ലീഷ് താരം ഫ്രാങ്ക് ലാംപാർഡ് ചുമതലയേൽക്കുമെന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. നേരത്തെ മുൻ ക്ലബായ ചെൽസിയുടെ പരിശീലകനായിരുന്നു ലാംപാർഡ്. ടീമിന്റെ പ്രകടനം മോശമായതോടെ ജനുവരിയിൽ ലാംപാർഡിനെ ക്ലബ് പുറത്താക്കി. മുമ്പ് ഡെർബി കൗണ്ടിയേയും ലാംപാർഡ് പരിശീലിപ്പിച്ചിട്ടുണ്ട്.