SHARE

പന്ത്രണ്ടാം എഡിഷൻ ഐപിഎല്ലിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ച് ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ അഞ്ച് ദിവസ കണ്ടീഷനിംഗ് ക്യാമ്പോടെയാണ് ബാംഗ്ലൂർ ടീം ഐപിഎൽ ഒരുക്കങ്ങൾ തുടങ്ങിയത്‌. ടീമിലെ എട്ട് ഇന്ത്യൻ താരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിനിടയിൽ ഇവരുടെ ഫിറ്റ്നസ് പരിശോധിക്കാൻ യോ-യോ ടെസ്റ്റും നടത്തും.

ടീമിന്റെ മുഖ്യ പരിശീലകനായ ഗാരി കിർസ്റ്റൺ, സഹ പരിശീലകൻ ആശിഷ് നെഹ്റ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ബെംഗാളിന്റെ പതിനാറുവയസുകാരൻ പ്രയാസ് റായ് ബർമൻ, രഞ്ജി ട്രോഫി ടോപ് സ്കോറർ മിലിന്ദ് കുമാർ, ഉത്തർപ്രദേശ് നായകൻ അക്ഷ്ദീപ് നാഥ്, മുംബൈയുടെ ശിവം ഡൂബെ, ഡെൽഹിയുടെ ഹിമ്മത് സിംഗ്, കുൽവന്ത് ഖജ്റോളിയ, തമിഴ്നാടിന്റെ വാഷിംഗ്ടൺ സുന്ദർ, കർണടകയുടെ ദേവ്ദത്ത് പടിക്കൽ എന്നിവരാണ് ടീമിന്റെ ആദ്യ ക്യാമ്പിൽ പങ്കെടുക്കുന്നവർ.