SHARE

ഐപിഎല്ലില്‍ പുതിയ സീസണ്‍ ആരംഭിക്കും മുമ്പേ എതിരാളികളെ ഒരുപടി പിന്നിലാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പരിശീലക നിരയിലേക്ക് വമ്പന്മാരെ എത്തിച്ചാണ് ബാംഗ്ലൂരിന്റെ പടയൊരുക്കം. ഇന്ത്യയുടെ മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റണെയും ആശിഷ് നെഹ്‌റയെയും എന്നിവരെയാണ് പരിശീലകരായി ടീം കൊണ്ടുവരുന്നത് നേരത്തെ തന്നെ വാർത്തയായിരുന്നു അതോടൊപ്പം വന്‍ പരിശീലകനിരയാണ് ടീമിനൊപ്പം ചേർന്നിട്ടുള്ളത്. കിര്‍സ്റ്റണെ ബാറ്റിംഗ് പരിശീലകനായും നെഹ്‌റയെ ബൗളിംഗ് പരിശീലകനായുമാണ് നിയമിച്ചിരിക്കുന്നത്. ഇരുവരും ടീമിന്റെ മെന്റര്‍മാരായും പ്രവര്‍ത്തിക്കും.

ന്യൂസിലന്‍ഡ് മുന്‍ സ്പിന്നര്‍ ഡാനിയേല്‍ വെട്ടോറിയാണ് ബംഗളൂരുവിന്റെ ഹെഡ് കോച്ച്. ഇവര്‍ക്കൊപ്പം മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു മാക്‌ഡൊണാള്‍ഡ്, ട്രെന്റ് വുഡ്ഹില്‍ എന്നിവരും പരിശീലക സംഘത്തില്‍ ഉണ്ടാകും. വുഡ്ഹില്ലിന് ബാറ്റിംഗ് ടാലന്‍ഡ് ഡെവലപ്‌മെന്റ് ഫീല്‍ഡിംഗ് കോച്ച് റോളുകളാണ് നല്കിയിരിക്കുന്നത്. മക്‌ഡൊണാള്‍ഡ് ബൗളിംഗ് ടാലന്‍ഡ് ഡെവലപ്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ഐപിഎല്‍ സീസണ്‍ 11 താരലേലം ഈ മാസം 27, 28 തിയതികളിലാണ്. നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് ഐപിഎല്‍ ഗവേര്‍ണിംഗ് ബോഡിക്ക് നല്‌കേണ്ടത് ഈ മാസം നാലിനും. എല്ലാ ടീമുകളും ആരെയൊക്കെ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്ന തിരക്കിലാണ്.