SHARE

മികച്ച രീതിയിൽ വളർന്നു വന്നെങ്കിലും അധികകാലം ഇന്ത്യൻ ടീമിൽ കളിക്കാനാവാത്ത താരമാണ് ആർ പി സിംഗെന്ന പേസ് ബോളർ. 2006 മുതൽ 2011 വരെ അഞ്ചു വർഷം മാത്രമായിരുന്നു താരത്തിൻ്റെ അന്താരാഷ്ട്ര കരിയർ.  ഇപ്പോഴിതാ, താന്‍ പന്തെറിയുമ്പോള്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയത് ഏത് ബാറ്റ്‌സ്മാനെതിരെ എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ആര്‍ പി.

ഓസീസ് ഇതിഹാസ താരം മാത്യൂ ഹെയ്ഡനെ നേരിടാനാണ് താന്‍ ഏറെ ബുദ്ധിമുട്ടിയതെന്ന് ആര്‍ പി സിംഗ് വ്യക്തമാക്കി. ഒരു സമൂഹ മാധ്യത്തിൽ ആരാധകര്‍ക്കായി ഒരുക്കിയ ചോദ്യോത്തരവേളയിലാണ് ആര്‍ പിയുടെ വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയ കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് താരങ്ങളില്‍ ഒരാളാണ് ഹെയ്ഡന്‍. ഹെയ്ഡനെതിരെ പന്തെറിയാന്‍  പല ബോളര്‍മാരും ഏറെ ബുദ്ധിമുട്ടിയിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 14 ടെസ്റ്റ് മത്സരങ്ങളും 58 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളുമാണ് ആര്‍ പി സിംഗ് കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 40 വിക്കറ്റുകളും ഏകദിനത്തില്‍ 69 വിക്കറ്റുകളും ടി20യില്‍ 15 വിക്കറ്റുകളും ഈ ഇടംകയ്യന്‍ പേസര്‍ നേടി. വിവിധ ടീമുകളിലായി 82 ഐ പി എല്‍ മത്സരങ്ങളും ആര്‍ പി സിംഗ് കളിച്ചിട്ടുണ്ട്.