SHARE

ജയ്പൂരിലെ സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന ഐ പി എല്‍ മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 176-4 റണ്‍സാണ് നേടിയത്. 52 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടിയ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ തന്നെ ഫോമിലുള്ള അമ്പാട്ടി റായുഡുവിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ ചെന്നൈയെ ഞെട്ടിച്ചു. രണ്ടാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഷെയ്ന്‍ വാട്‌സണും സുരേഷ് റെയ്‌നയും ചേര്‍ന്ന് ഇന്നിംഗ്‌സിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിച്ചു. അടുത്ത വരവില്‍ ആര്‍ച്ചര്‍ 39 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണെയും വീഴ്ത്തി.

-Advertisement-

അതിനിടെ സുരേഷ് റെയ്‌ന തന്റെ 34ാം ഐ പി എൽ അര്‍ധസെഞ്ചുറി തികച്ചു. എന്നാല്‍ അമ്പതു കടന്നയുടനെ റെയ്‌ന ഇഷ് സോധിക്ക് വിക്കറ്റ് സമ്മാനിച്ചു. അതോടെ ഇന്നിംഗ്‌സിന് വേഗം കുറയുകയും ചെയ്തു. അവസാന ഓവറിലെ രണ്ടു പന്തുകള്‍ ബൗണ്ടറിയടിച്ച് സാം ബില്ലിംഗ്‌സ് തുടങ്ങിയെങ്കിലും നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. 22 പന്തില്‍ 27 റണ്‍സാണ് ബില്ലിംഗ്‌സ് നേടിയത്. 23 പന്തില്‍ 33 റണ്‍സെടുത്ത ധോണി പുറത്താവാതെ നിന്നു.