SHARE

പതിനാലാം സീസൺ ഐപിഎല്ലിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന ടീമുകളാണ് രാജസ്ഥാൻ റോയൽസും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. കളിച്ച 4 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും പരാജയപ്പെട്ട ഈ രണ്ട് ടീമുകളും പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. ഇന്ന് പരസ്പരം ഏറ്റുമുട്ടുമ്പോൾ ഏത് വിധേനയും ജയിക്കുകയാവും അത് കൊണ്ടു തന്നെ ഇരു കൂട്ടരുടേയും ലക്ഷ്യം. മത്സരത്തിന് മുൻപായി ഇരു ടീമുകളും ഇന്ന് കളത്തിലിറക്കാൻ സാധ്യതയുള്ള പ്ലേയിംഗ് ഇലവൻ ഒന്ന് പരിശോധിക്കാം.

രാജസ്ഥാൻ റോയൽസ്

രാജസ്ഥാൻ നിരയിൽ ഇന്ന് നിർണായക മാറ്റങ്ങളുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. സീസണിലെ ആദ്യ നാല് മത്സരങ്ങളിലും പരാജയമായ ഓപ്പണർ മനൻ വോറ ടീമിൽ നിന്ന് പുറത്താകുമെന്നും പകരം യുവ ഓപ്പണർ യാശ്വസി ജൈസ്വാൾ ടീമിലേക്ക് തിരിച്ചെത്തുമെന്നുമാണ് സൂചന. കഴിഞ്ഞ മത്സരത്തിൽ കളിക്കാനുണ്ടായിരുന്ന ശ്രേയസ് ഗോപാലിന്‌ പകരം ജയ്ദേവ് ഉനദ്കട്ട് ഇന്ന് പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതകളും ഉയർന്നു നിൽക്കുന്നു.

സാധ്യതാ ടീം ഇങ്ങനെ – ജോസ് ബട്ലർ, യാശ്വസി ജൈസ്വാൾ, സഞ്ജു സാംസൺ, ശിവം ഡൂബെ, ഡേവിഡ് മില്ലർ, റിയാൻ പരാഗ്, രാഹുൽ തേവാതിയ, ക്രിസ് മോറിസ്, ജയ്ദേവ് ഉനദ്കട്ട്, ചേതൻ സക്കറിയ, മുസ്താഫിസുർ റഹ്മാൻ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പൊരുതിത്തോറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പ്ലേയിംഗ് ഇലവനിൽ ഇന്ന് വൻ അഴിച്ചു പണികൾക്ക് തയ്യാറായേക്കില്ലെന്നാണ് കരുതപ്പെടുന്നത്. എന്നാൽ വലം കൈയ്യൻ പേസറായ കംലേഷ് നാഗർകൊട്ടിക്ക് പകരം ശിവം മാവി ഇന്ന് പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നു.

സാധ്യതാ ടീം ഇങ്ങനെ – നിതീഷ് റാണ, ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാതി, ഓയിൻ മോർഗൻ, ദിനേഷ് കാർത്തിക്ക്, സുനിൽ നരൈൻ, ആന്ദ്രെ റസൽ, പാറ്റ് കമ്മിൻസ്, ശിവം മാവി, വരുൺ ചക്രവർത്തി, പ്രസിദ് കൃഷ്ണ.