SHARE

രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 184-4 റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്.

ജയ്പൂരിലെ സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍ കെ എല്‍ രാഹുലിനെ (4) പുറത്താക്കി ധവാല്‍ കുല്‍ക്കര്‍ണി രാജസ്ഥാന് പ്രതീക്ഷ നല്‍കുകയും ചെയ്തു. തൊട്ടുപിന്നാലെ 22 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെയും പഞ്ചാബിന് നഷ്ടമായി.

എന്നാല്‍ ക്രിസ് ഗെയ്ല്‍ ആഞ്ഞടിച്ചതോടെ പഞ്ചാബ് സ്‌കോറിംഗിന് വേഗം കൂടി. 47 പന്തില്‍ 79 റണ്‍സ് നേടിയ ഗെയ്‌ലിനെ ബെന്‍ സ്റ്റോക്‌സാണ് പുറത്താക്കിയത്. 8 ഫോറുകളും 4 സിക്‌സുകളും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. 29 പന്തിൽ 46 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്‍ പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി ബെൻ സ്റ്റോക്സ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.