SHARE

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കളിക്കാരെ അധികമായി ബ്ലാസ്റ്റേഴ്സിലെത്തിച്ചത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായി. എന്നാല്‍ ആദ്യ മത്സരം മുതല്‍ ടീമില്‍ സ്ഥിര സാന്നിധ്യമായ ലാല്‍ റുവാത്താര ഒരോ മത്സരം കഴിയുമ്പോളും തന്റെ പ്രതിഭയ്ക്ക് തിളക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ്.

ഡല്‍ഹിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മിസോറം താരത്തിന്റേത്. തന്റെ പതിവ് പൊസിഷനായ ലഫ്റ്റ് ബാക്കില്‍ നിന്ന് നേരെ റിനോ കളിച്ചിരുന്ന റൈറ്റ് ബാക്ക് പൊസിഷനിലാണ് ഡെല്‍ഹിക്കെതിരെ റുവാത്താര കളിച്ചത്. ഒരു വിങ് ബാക്ക് സെന്റര്‍ ബാക്കിലേക്ക് മാറി കളിക്കുന്നത് പതിവാണ്. എന്നാല്‍ സ്ഥിരം കളിക്കുന്നതിന്റെ നേരെ എതിര്‍ വിങ്ങിലേക്ക് മാറുന്നത് ലോകഫുട്ബോളില്‍ തന്നെ അപൂര്‍വമാണ്. എന്നാല്‍ യാതൊരുവിധ പിഴവുമില്ലാതെ തന്നെ പുതിയ ചുമതല റുവാത്തര നിർവഹിച്ചു.

ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍, അവരുടെ അക്രമണങ്ങളേറെയും, ബ്ലാസ്റ്റേഴ്സിന്റെ വലതുപാര്‍ശ്വത്തിലൂടെയായിരുന്നു. റുവാത്താര അവിടെ, നിലയുറപ്പിക്കുകയും കയറിയിറങ്ങുകയും ചെയ്തതോടെ, ഡല്‍ഹി ആക്രമണങ്ങള്‍ ഫലപ്രദമാകാതെ പോയി. നിര്‍ണായകമായ മുന്ന് ടാക്ലിങ്ങുകള്‍ നടത്തി റുവാത്താര പ്രതിരോധം കാത്തു.

റുവാത്താര വലതുബാക്കായി വന്നതോടെ സെന്റര്‍ ബാക്കായ നായകന്‍ സന്ദേശ് ജിംഗാന്റെ സമ്മര്‍ദം കുറഞ്ഞതായി വ്യക്തമായിരുന്നു. മറ്റൊരു സെന്റര്‍ ബാക്കായ പരിചയ സമ്പന്നന്‍ വെസ് ബ്രൗണ്‍ അവസരത്തിനൊത്തുയര്‍ന്നതും ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സ് നടത്തിയതിന് പിന്നിലും റുവാത്താരയായിരുന്നു.

മത്സരശേഷം അണ്‍സങ്ങ് ഹീറോയായി തിരഞ്ഞെടുത്തതും റുവാത്താരയെ തന്നെയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാവി സൂപ്പര്‍ താരമെന്ന് ഉറപ്പിച്ചുപറയാവുന്ന റുവാത്താര അര്‍ഹിക്കുന്നുണ്ട് മനസറിഞ്ഞൊരു കൈയ്യടി.