SHARE

കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം മോശം ഐ എസ് എൽ സീസണാണ് ഇതെങ്കിലും ടീമിലെ മിസോറാംകാരനായ പ്രതിരോധ താരം ലാൽ റുവാത്താരയ്ക്ക് വളരെ മികച്ച സീസണായിരുന്നു കടന്ന് പോയത്. കേരളത്തിന്റെ പ്രതിരോധനിരയിൽ എതിരാളികൾക്ക് ഭേദിക്കാനാവാത്ത പ്രതിരോധ ഭടനായി നിന്ന റുവാത്താര ടീമിന്റെ പരാജയങ്ങൾക്കിടയിലും മിന്നും പ്രകടനത്തിലൂടെ കേരള ആരാധകരുടെ കൈയ്യടി നേടി. ഇരുപത്തിമൂന്നുകാരനായ ഈ മിസോറംകാരന്റെ ഉജ്ജ്വല പ്രകടങ്ങൾ നിരവധി തവണ കേരളത്തെ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചു.

നാലാം സീസൺ ഐ എസ് എല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിന് ശേഷം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സംസാരം ടീമിൽ അടുത്ത വർഷം നിലനിർത്തേണ്ട താരങ്ങളെക്കുറിച്ചായിരുന്നു. അതിൽ എല്ലാവർക്കും പറയാനുണ്ടായിരുന്ന പേരുകളിലൊന്ന് ലാൽ റുവാത്താരയുടേതായിരുന്നു. ഒരൊറ്റ സീസൺ കൊണ്ട് ബ്ലാസ്റ്റേഴ്സ് ടീമിലും ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കിടയിലും ഈ ഇരുപത്തിമൂന്നുകാരൻ എത്രത്തോളം സ്വാധീനം സൃഷ്ടിച്ചു എന്നതിന് തെളിവായിരുന്നു അത്.

ആരാധകർ ആഗ്രഹിച്ച പോലെ തന്നെ റുവാത്താരയുമായുള്ള കരാർ നീട്ടിയ കാര്യം കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ അതിനോടുള്ള സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആരാധകർ ‘ലാൽ റുവാത്താരം’ എന്ന് വിശേഷിപ്പിക്കുന്ന ലാൽ റുവാത്താര. “കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ്ബുമായും ഇവിടുത്തെ ആരാധകരുമായും തുടക്കം മുതൽ തന്നെ താൻ ഇഷ്ടത്തിലായി. ഏറ്റവും മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റേത്. അവരുടെ മുന്നിൽ കളിക്കാൻ കഴിയുന്നത് ശരിക്കും അഭിമാനമാണ്. കേരളം ഇപ്പോൾ എനിക്കെന്റെ സ്വന്തം വീട് പൊലെയാണ്. ബ്ലാസ്റ്റേഴ്സിനായി കിരീടം നേടുകയാണ് തന്റെ ലക്ഷ്യം” താരം പറഞ്ഞു നിർത്തി.

കഴിഞ്ഞ ദിവസം പരിശീലകൻ ഡേവിഡ് ജെയിംസുമായുള്ള കരാറും ബ്ലാസ്റ്റേഴ്സ് നീട്ടിയിരുന്നു‌. ഇതിന് പിന്നാലെയാണ് ലാൽ റുവാത്താരയുടെ കരിയറും 2021 വരെ നീട്ടാൻ ക്ലബ്ബ് തീരുമാനിച്ചത്. മറ്റ് ചില താരങ്ങളുടേയും കരാർ നീട്ടാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതാരൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ.