SHARE

യുഎഇയില്‍ പ്രീസീസണ്‍ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പാതിവഴിയില്‍ തങ്ങളുടെ പര്യടനം അവസാനിപ്പിക്കുന്നതായി അഭ്യൂഹം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വാര്‍ത്ത വന്നതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികളുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വന്നിറങ്ങിയപ്പോള്‍ യുഎഇയില്‍ സംഘാടകരില്‍ നിന്ന് ലഭിച്ച പരിഗണന അത്ര മികച്ചതായിരുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംഘാടകരുടെ ഭാഗത്തു നിന്നും നിരന്തര വീഴ്ച്ചകളുണ്ടായെന്ന അമര്‍ഷം ആരാധകര്‍ക്കിടയിലും ശക്തമാണ്.

മിച്ചി സ്‌പോര്‍ട്‌സുമായി സഹകരിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ജോലികളെല്ലാം ഇവരാണ് ചെയ്യുന്നത്. ബ്ലാസ്റ്റേഴ്‌സിന് വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത രീതിയിലാണ് പര്യടനം. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന അഭ്യൂഹങ്ങളില്‍ ടീം മാനേജ്‌മെന്റോ സംഘാടകരും ഇതുവരെ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

കായികമേഖലയില്‍ പരിവര്‍ത്തന ഊര്‍ജ്ജം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2010ല്‍ യുഎഇയില്‍ രൂപീകരിച്ച മിച്ചി സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് ക്ലബ്, കായിക സൗകര്യങ്ങള്‍ സംഘടിപ്പിക്കുകയും ടെന്നീസ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, നീന്തല്‍ എന്നിവയിലുടനീളം പരിപാടികള്‍ നടത്തുകയും ചെയ്യുന്നു. എല്ലാ പ്രായപരിധിയിലുമുള്ള കായികതാരങ്ങള്‍ക്കായി മികച്ച രീതിയില്‍ സജ്ജീകരിച്ച ജിമ്മുകളും ഇന്‍ഡോര്‍ ഹാളുകളും മിച്ചി ടീം കൈകാര്യം ചെയ്യുന്നു.