SHARE

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് വിൻഡീസ് സൂപ്പർ താരം ആന്ദ്രെ റസൽ ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ കളിക്കില്ല. താരം കളിക്കുന്ന കാര്യത്തിൽ നേരത്തെ തന്നെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും വിൻഡീസ് സെലക്ഷൻ കമ്മറ്റി ചെയർമാൻ കോർട്നി ബ്രൗൺ താരം പരിക്കിന്റെ പിടിയിലാണെന്നും ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്നും പ്രഖ്യാപിക്കുകയായിരുന്നു.

വിൻഡീസ് ടീമിനൊപ്പം അവസാന മൂന്ന് ദിവസം ചേരേണ്ട 7 താരങ്ങളിൽ ഒരാളായിരുന്നു റസൽ. എന്നാൽ പരിക്ക് താരത്തിന് മുന്നിൽ വില്ലൻ വേഷം കെട്ടുകയായിരുന്നു. ബാറ്റ് കൊണ്ടും ബോളു കൊണ്ടും ടീമിന് നിർണായക സംഭാവന നൽകാൻ കഴിവുള്ള റസൽ ടി20 പരമ്പരയിൽ കളിക്കില്ലെന്ന വാർത്ത വിൻഡീസ് സംഘത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്.

അതേ സമയം മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ടി20 പരമ്പരയിലുള്ളത്. ഇന്ന് കൊൽക്കത്തയിൽ ആദ്യ പോരാട്ടവും, ആറാം തീയതി ലക്നൗവിൽ രണ്ടാം പോരാട്ടവും നടക്കുമ്പോൾ, നവംബർ 11-ം തീയതി ചെന്നൈയിലാണ് അവസാന മത്സരം നടക്കുക.