SHARE

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ആന്ദ്രേ ഇനിയേസ്റ്റ, ഹെവിയർ മഷറാനോ തുടങ്ങി ഒരുപിടി സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പിനായിരിക്കും റഷ്യയിൽ അരങ്ങൊരുങ്ങുന്നത്. 30 വയസ് പിന്നിട്ട ഇവർ ക്ലബ് തലത്തിൽ ഇപ്പോഴും മികച്ച നിൽക്കുന്നുണ്ടെങ്കിലും നാല് വർഷങ്ങൾക്കപ്പുറം ഖത്തറിന്റെ മണ്ണിൽ ഒരു വിശ്വകപ്പിന് കൂടിയുളള ബാല്യം ഇല്ലെന്ന് തന്നെ പറയാം.

നിലവിലുള്ളവരിൽ ഏറ്റവും മികച്ച ഫുട്ബോളർമാരായ റൊണാൾഡോയ്ക്കും മെസിക്കും ഇത് നാലാം ലോകകപ്പാണ്. ഇവരിൽ ആരാണ് മികച്ചവനെന്ന ചോദ്യത്തിന് ഉത്തരം തരാൻ ഒരുപക്ഷെ ലഭിക്കുന്ന അവസാനമായിരിക്കും ഈ ലോകകപ്പ്. രണ്ട് തവണ ക്വാർട്ടറിൽ വീണപ്പോഴും കഴിഞ്ഞ തവണ ടീമിനെ ഒറ്റയ്ക്കെന്നവണ്ണം ഫൈനലിലേക്ക് ഉയർത്തിയത് മെസിയാണ്. റൊണാൾഡോയ്ക്കാകട്ടെ, തന്റെ ആദ്യ ലോകകപ്പിൽ(2006) ടീമിനെ സെമിയിലെത്തിക്കാൻ സാധിച്ചു. എന്നാൽ പിന്നീടുള്ള രണ്ട് ലോകകപ്പുകളിലും, ദയനീയ പ്രകടനമായിരുന്നു പോർച്ചു​ഗലിന്റേത്.

മഷറാനോയ്ക്കും അർജന്റീനയ്ക്കൊപ്പം ഇത് നാലാം ലോകകപ്പാണ്. കഴിഞ്ഞ ലോകകപ്പിന്റെ സെമിയിൽ നെതർലൻഡിനെതിരായുള്ള പ്രകടനം തന്നെയാണ് മഷറാനോയുടെ ലോകകപ്പിലെ ഏറ്റവും തിളങ്ങുന്ന അധ്യായം. ലോകകിരീടം ചൂടി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനാണ് മഷറാനോ ആ​ഗ്രഹിക്കുന്നത്. ലോകകിരീടം ഒരിക്കൽ ചൂടിയിട്ടുള്ള ഇനിയേസ്റ്റയ്ക്ക് ഒരിക്കൽ കൂടി അതിന് ലഭിക്കുന്ന അവസരമായിരിക്കും റഷ്യയിലേത്.

2002 മുതൽ എല്ലാ ലോകകപ്പിലും കളിക്കുന്ന മെക്സിക്കോ നായകൻ റാഫേൽ മാർക്വസിനും ഒരു പക്ഷെ ഇത് അവസാന ലോകകപ്പായിരിക്കും. ടീമിനെ പ്രീക്വാർട്ടറിനപ്പുറം കടത്തി ചരിത്രം സൃഷ്ടിച്ച് കളിമതിയാക്കാനുള്ള അവസരമാണ് മാർക്വെസിന് മുന്നിൽ. ഓസ്ട്രേലിയയുടെ ടിം കാഹിലിനും ഇത് അവസാന ലോകകപ്പായിരിക്കും. ഇക്കുറി ഒരു ​ഗോൾ നേടിയാൽ നാല് ലോകകപ്പുകളിൽ ​ഗോൾ നേടുന്ന കളിക്കാരുടെ പട്ടികയിൽ കാഹിലിന് ഇടംനേടാം. നെജീരിയയുടെ ജോൺ ഒബി മിക്കെൽ, ബ്രസീലിന്റെ തിയാ​ഗോ സിൽ, ഈജിപ്തിന്റെ എസ്സാം എൽ ഹാദിരി തുടങ്ങിയ താരങ്ങളുടേയും അവസാന ലോകകപ്പായിരിക്കും ഇത്.