SHARE

അടുത്ത മാസം 14ന് റഷ്യയില്‍ തുടങ്ങുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. പങ്കെടുക്കുന്ന രാജ്യങ്ങളെല്ലാം ടീമുകളെ പ്രഖ്യാപിക്കുന്നതിന്റെയും പരിശീലന ക്യാമ്പുകളുടെയും തിരക്കുകളിലാണ്. ലോകകപ്പിന് വേദിയാവുന്ന റഷ്യ അതിഥികളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളും നടത്തുകയാണ്.

ഇപ്പോഴിതാ, ലോകകപ്പിനെത്തുന്ന 32 രാജ്യങ്ങളെയെല്ലാം വ്യത്യസ്തമായ രീതിയില്‍ സ്വാഗതം ചെയ്തിരിക്കുകയാണ് റഷ്യന്‍ ഫുട്‌ബോള്‍ ടീം. ടീമിലെ താരങ്ങളും സ്റ്റാഫുകളുമടക്കമുള്ളവര്‍ ലോകകപ്പിനെത്തുന്ന 32 രാജ്യങ്ങളുടെയും ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് റഷ്യ ടീമുകളെ സ്വാഗതം ചെയ്യുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് ഫുട്‌ബോള്‍ ലോകം റഷ്യയുടെ ഈ വരവേല്‍പ്പിനെ സ്വീകരിച്ചത്.

ആതിഥേയരായ റഷ്യ ഗ്രൂപ്പ് എയില്‍ ഈജിപ്ത്, സൗദി അറേബ്യ, ഉറുഗ്വെ എന്നിവര്‍ക്കൊപ്പമാണ് ലോകകപ്പില്‍ പന്തു തട്ടുന്നത്. 14ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയാണ് റഷ്യയുടെ എതിരാളികള്‍. 19ന് ഈജിപ്തിനെതിരെയും 25ന് ഉറുഗ്വെക്കെതിരെയുമാണ് മറ്റു മത്സരങ്ങള്‍.