SHARE

സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഒരു കളിക്കാരനെ എത്രനാൾ ദേശീയ ടീമിന്റെ പ്ലേയിങ് ഇലവനിൽ നിന്നൊഴിവാക്കാനാകും. യുവതാരം റുതുരാജ് ​ഗെയ്ക്‌വാദിനോട് ഇക്കാര്യം ചോദിച്ചാൽ, എത്രനാൾ വേണമെങ്കിലും എന്നായിരിക്കും മറുപടി. കളിയെ നെഞ്ചിലേറ്റിനടക്കുന്നവരാരും അതിനോട് വിയോജിക്കാനും ഇടയില്ല. കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും റുതുരാജ് ​ഗെയ്ക്‌വാദിന്റെ സ്ഥാനം പ്ലേയിങ് ഇലവന് പുറത്ത്.

പരമ്പര നേരത്തെ കൈവിട്ട സാഹചര്യത്തിൽ അത്ര പ്രധാന്യമില്ലാത്ത മത്സരമായിരുന്നു ഇത്. പോരാത്തതിന് നാല് മാറ്റങ്ങൾ പ്ലേയിങ് ഇലവനിൽ വരുത്തുകയും ചെയ്തു. വാഷിങ്ടൺ സുന്ദറിന് പകരക്കാരനായി ടീമിലെത്തിയ ജയന്ത് യാദവും പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചു. പക്ഷെ ആരാധകർ ഏറ്റവുമധികം ആ​ഗ്രഹിച്ച റുതുരാജിനെ വീണ്ടും തഴയുകയായിരുന്നു.

സമീപ കാലത്തായി മികച്ച ഫോമിലുള്ള ഇന്ത്യൻ താരമായ റുതുരാജ് ആഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും തകർപ്പൻ പ്രകടനം നടത്തിയാണ് സൗത്ത് ആഫ്രികക്കെതിരെയുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്. ഐപിഎല്ലിൽ അവസാന സീസണിൽ 635 റൺസടിച്ച് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയ റുതുരാജ് വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ 5 മത്സരത്തിൽ നിന്നും 4 സ്വഞ്ചറി ഉൾപ്പെടെ 603 റൺസ് അടിച്ചു കൂട്ടി മിന്നുന്ന ഫോമിലായിരുന്നു.

ഓപ്പണർ കൂടിയായ ക്യാപ്റ്റൻ രോഹിത് ശർമ പരമ്പരയിൽ നിന്ന് പിന്മാറിയതോടെ റുതുരാജിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ പരമ്പരയിൽ രോഹിത്തിന് പകരം ടീമിനെ നയിച്ച കെഎൽ രാഹുൽ തന്നെ ഓപ്പണറാകാൻ തീരുമാനിച്ചതാണ് റുതുരാജിന് തിരിച്ചടിയായത്.

ഓപ്പണർ എന്ന നിലയിൽ രാഹുൽ മികച്ച പ്രകടനം നടത്തുന്നുവെന്നത് ശരിതന്നെ. പക്ഷെ ഇന്ത്യയുടെ മധ്യനിര ദയനീയമായി പരാജയപ്പെടുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കണ്ടത്. ഇതോടെ രാഹുൽ ഓപ്പണിങ്ങിൽ നിന്നും മാറി മധ്യ നിരയിൽ കളിക്കണമെന്നും ഗെയ്ക്വാദിനെ ഓപ്പൺ ചെയ്യിപ്പിക്കണമെന്നും ക്രിക്കറ്റ് വിദഗ്ദരും ആരാധകരും വലിയ മുറവിളി ഉയർത്തിയിരുന്നു എന്നാൽ അതിനൊന്നും ചെവി കൊടുക്കാതെയാണ് വീണ്ടും രാഹുൽ – ധവാൻ ജോഡിയെ ഇന്ത്യ പരീക്ഷിക്കുന്നത്

പരമ്പര കൈവിട്ട സാഹചര്യത്തിൽ ആശ്വാസജയമെന്നത് ഒരു അലങ്കാര വാക്ക് മാത്രമാണ്. അതുകൊണ്ട് തന്നെ മികച്ച ഫോമിലുള്ള റുതുരാജിനെ വീണ്ടും അവ​ഗണിച്ചതിനെതിരെ ആരാധകരോക്ഷം ശക്തമാണ്. സമൂ​ഹമാധ്യമങ്ങിൽ ആരാധകർ റുതുരാജിനെ അനുകൂലിച്ച് രം​ഗത്തെത്തി. ക്യാപ്റ്റൻ രാഹുലിനും പരിശീലകൻ രാഹുൽ ദ്രാവിഡിനുമെതിരെയാണ് ആരാധകർ രം​ഗത്തെത്തിയിരിക്കുന്നത്.