SHARE

കളിക്കളത്തിൽ അച്ചടക്ക ലംഘനം നടത്തിയെന്ന കാരണത്താൽ ഇംഗ്ലീഷ് കൗണ്ടി ടീമായ എസക്സിന്റെ ക്യാപ്റ്റനും ഹോളണ്ട് ക്രിക്കറ്റ് ടീമിന്റെ സൂപ്പർ ഓൾ റൗണ്ടറുമായ റയാൻ ടെൻ ഡോഷെറ്റിനെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഇതേത്തുടർന്ന് യോർക്ക് ഷെയറിനെതിരായ മത്സരവും, റോയൽ വൺ ഡേ കപ്പിന്റെ സെമിഫൈനലോ/ നോട്ടിംഗ് ഹാം ഷെയറിനെതിരായ കൗണ്ടി മത്സരമോ താരത്തിന് നഷ്ടമായേക്കും.

കഴിഞ്ഞ ദിവസം ലങ്കാഷെയറിനെതിരെ നടന്ന കൗണ്ടി മത്സരത്തിലായിരുന്നു ഡോഷെറ്റിനെ വിലക്കിലേക്ക് നയിച്ച സംഭവം നടന്നത്‌. മത്സരത്തിനിടെ ഡോഷറ്റ് അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയ ഫീൽഡ് അമ്പയർമാരായ ജെറമി ലോയിഡും, സ്റ്റീവ് ഒഷാനസിയും ഇതിന്റെ റിപ്പോർട്ട് മാച്ച് റഫറിക്ക് കൈമാറുകയും, മാച്ച് റഫറി നടത്തിയ അന്വേഷണത്തിൽ ഡോഷറ്റ് കുറ്റം ചെയ്തെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് പെനാൽറ്റി പോയിന്റുകളാണ് ഡോഷറ്റിന് ലഭിച്ചത്. ഇതോടെ മൊത്തം 9 പെനാൽറ്റി പോയിന്റുകളായ ഡോഷറ്റിനെ അത് വിലക്കിലേക്ക് നയിക്കുകയായിരുന്നു.

അതേ സമയം ഇതാദ്യമല്ല നെതർലൻഡ് താരമായ ഡോഷറ്റ്, കളിക്കളത്തിൽ അച്ചടക്ക ലംഘനം നടത്തുന്നത്. കളിക്കളത്തിൽ മുൻപും പല തവണ മോശം പെരുമാറ്റങ്ങളുടേയും, അച്ചടക്കമില്ലായ്മയുടേയും പേരിൽ വാർത്തയിൽ നിറഞ്ഞു നിന്നിട്ടുള്ള താരമാണ് ഡോഷറ്റ്. ഒരു സമയം നെതർലൻഡ് ടീമിലെ ഏറ്റവും മികച്ച താരമായിരുന്ന ഡോഷറ്റ് 2011 ലാണ് അവർക്ക് വേണ്ടി അവസാനമായി ജേഴ്സിയണിഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.