SHARE

സച്ചിൻ ടെണ്ടുൽക്കറാണോ, വിരാട് കോഹ്ലിയാണോ മികച്ച ബാറ്റ്സ്മാൻ എന്ന കാര്യത്തിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പലർക്കും വ്യത്യസ്താഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്‌. ഇപ്പോളിതാ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്.

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സച്ചിനാണോ, കോഹ്ലിയാണോ മികച്ചത് എന്ന കാര്യത്തിൽ ശ്രീശാന്ത് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ക്രിക്കറ്റ് ദൈവം സച്ചിനെ മറ്റാരുമായും താരമത്യം ചെയ്യാനാകില്ലെന്ന് പറഞ്ഞ ശ്രീശാന്ത് ഇങ്ങനെ കൂട്ടിച്ചേർത്തു. “എല്ലാവരും അദ്ദേഹത്തെ സച്ചിൻ ഭായി എന്നാണ് വിളിക്കുന്നത്, എന്നാൽ താൻ വിളിക്കുന്നത് സച്ചിൻ പാജി എന്നും.

വിരാട് ക്രിക്കറ്റിൽ കൈവരിച്ച നേട്ടങ്ങൾക്കെല്ലാം അദ്ദേഹത്തിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്, എന്നാൽ സച്ചിൻ പാജിയ്ക്ക് പകരക്കാരനാവാനോ, അദ്ദേഹവുമായി താരതമ്യം ചെയ്യപ്പെടാനോ ഒരു താരത്തിനും കഴിയില്ല. വരുന്ന ഒരായിരം തലമുറകളെ ക്രിക്കറ്റിൽ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന വലിയ പ്രചോദനമാണ് സച്ചിൻ.” ശ്രീശാന്ത് പറഞ്ഞുനിർത്തി‌