SHARE

7 വർഷ വിലക്കിന് ശേഷം ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തിയ മലയാളി താരം എസ് ശ്രീശാന്ത് നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാൻ ഇറങ്ങിയിരുന്നു. മുംബൈയ്ക്കെതിരായ രണ്ടാം മത്സരത്തിനിടെ അവരുടെ കൗമാര ഓപ്പണർ യാശ്വസി ജൈസ്വാളിനെ ശ്രീശാന്ത് സ്ലെഡ്ജ് ചെയ്തതും പിന്നാലെ ജൈസ്വാൾ ശ്രീശാന്തിനെ അടിച്ചു പറത്തിയതും ക്രിക്കറ്റ് ലോകം ആഘോഷമാക്കിയിരുന്നു.

ഇന്ത്യയുടെ ഭാവി പ്രതീക്ഷകളിലൊരാളായ ജൈസ്വാളിനെ ശ്രീശാന്ത് സ്ലെഡ്ജ് ചെയ്തതിനെതിരെ നിരവധി വിമർശനങ്ങൾ ക്രിക്കറ്റ് പ്രേമികൾ ഉയർത്തിയിരുന്നു‌‌. ലോംഗ് റണ്ണപ്പും, സ്ലെഡ്ജിംഗും ആരെയും ലോകോത്തര ബോളറാക്കി മാറ്റില്ലെന്ന് ആരെങ്കിലും ശ്രീശാന്തിന് പറഞ്ഞു കൊടുക്കണമെന്നും സ്ലെഡ്ജ് ചെയ്തതിന് ശേഷം പ്രഹരമേൽക്കുന്നത് ഒരു ബോളറേക്കാളുപരി നിങ്ങൾ ഒരു വീമ്പുകാരനാണെന്ന് വ്യക്തമാക്കുന്നതായും ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചിരുന്നു.

ഈ ട്വീറ്റ് ശ്രീശാന്തിനെ ചൊടിപ്പിക്കുമെന്ന് പലരും കരുതിയെങ്കിലും ഇതിന് തകർപ്പൻ മറുപടിയുമായി പിന്നാലെ ശ്രീശാന്ത് എത്തുകയായിരുന്നു. താങ്കളുടെ വിവരങ്ങൾക്ക് ഒത്തിരി നന്ദിയെന്നും, ഇതെഴുതാൻ ധാരാ‌ളം സമയമെടുത്ത നിങ്ങളെ ശരിക്കുംഅഭിനന്ദിക്കുന്നുവെന്നും മറുപടിയായി കുറിച്ച ശ്രീശാന്ത്, എല്ലാ ഡെലിവറികളും താൻ ഏറ്റവും മികച്ച രീതിയിൽത്തന്നെയെറിയാൻ ശ്രമിക്കുന്നുവെന്നും, ജൈസ്വാൾ തനിക്കെതിരെ കളിച്ചത് മികച്ച പിക്കപ്പ് ഷോട്ടുകളാണെന്നും ചൂണ്ടിക്കാട്ടി.

ജൈസ്വാളിനെ പ്രശംസിക്കുന്നതിലും പിശുക്ക് കാണിക്കാതിരുന്ന ശ്രീശാന്ത്, ജൈസ്വാൾ മികച്ചതാകാൻ പോകുന്നുവെന്നും, അവൻ കളിക്കുന്ന രീതിയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും പറഞ്ഞു. ഇതിനൊപ്പം അദ്ദേഹത്തേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടേയെന്നും കേരളത്തിന്റെ സ്വന്തം ശ്രീശാന്ത് മറുപടിയിൽ കുറിച്ചു.

തനിക്കെതിരെ വന്ന വിമർശനത്തിന് ശ്രീശാന്ത് നൽകിയ ഈ മറുപടി ക്രിക്കറ്റ് ലോകത്ത് അതിവേഗം വൈറലായി. താരത്തിന്റെ പക്വമായ മറുപടിയെ ആരാധകർ ഒന്നടങ്കം‌ ഏറ്റെടുത്തു. വിമർശനം ഉന്നയിച്ച ട്വിറ്റർ ഉപയോക്താവ് ശ്രീശാന്ത് ഈ മറുപടിയിലൂടെ തന്റെ ബഹുമാനം നേടിയതായി വ്യക്തമാക്കി പിന്നാലെ രംഗത്തെത്തുകയും ചെയ്തു.