SHARE

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മുന്നേറുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 243 നെതിരെ ബാറ്റ് ചെയ്യുന്ന അവർ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 110/2 എന്ന നിലയിലാണ്. എതിരാളികളുടെ ആദ്യ ഇന്നിംഗ്സ് സ്കോറിൽ നിന്ന് 133 റൺസ് മാത്രം അകലെയാണ് നിലവിൽ ദക്ഷിണാഫ്രിക്ക.

39/1 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 29 റൺസെടുത്ത നൈറ്റ് വാച്ച്മാൻ കാഗിസോ റബാഡയുടെ വിക്കറ്റ് മാത്രമാണ് ആദ്യ സെഷനിൽ നഷ്ടമായത്. ദക്ഷിണാഫ്രിക്കൻ സ്കോർ 67 ൽ നിൽക്കുമ്പോളാണ് പാറ്റ് കമ്മിൻസിന്റെ പന്തിൽ റബാഡ പുറത്താകുന്നത്. നാലാമനായി ബാറ്റിംഗിനിറങ്ങിയ ഹഷീം അംലയും (31*), ഡീൻ എൽഗറും (38*) ചേർന്നാണ് നിലവിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിനെ മുന്നോട്ട് നയിക്കുന്നത്.

ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നലെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഡേവിഡ് വാർണറും, കാമറോൺ ബാങ്ക്രോഫ്റ്റും ചേർന്ന് ആദ്യ വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്ത് ഓസീസിന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്കൻ ബോളർമാർ മത്സരത്തിലേക്ക് ശക്തമായി തിരിച്ച് വരികയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലുംഗി എങ്കിടിയും ചേർന്നാണ് ഓസ്ട്രേലിയൻ ബാറ്റിംഗിനെ 243 റൺസിന് ചുരുട്ടിക്കെട്ടിയത്.