SHARE

അടുത്ത സീസണ് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കിടെ കേരളാ ക്രിക്കറ്റ് ടീം ക്യാമ്പിൽ നിന്ന് പുറത്ത് വരുന്നത് ശുഭകരമല്ലാത്ത വാർത്തകൾ. നായകനായ സച്ചിൻ ബേബിക്കെതിരെ ഒരുപറ്റം ടീമംഗങ്ങൾ രംഗത്ത് വന്നിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. സച്ചിൻ ബേബിയെ ടീമിന്റെ നായക ‌സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പതിമൂന്ന് താരങ്ങൾ ഒപ്പിട്ട കത്ത് കെ.സി.എയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് സ്പോർട്സ് സ്റ്റാറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നായക സ്ഥാനത്ത് നിന്നുള്ള സച്ചിന്റെ രാജിയും, അടുത്ത സീസണ് മുൻപ് ടീമിന് പുതിയ നായകനെ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ക്രിക്കറ്റ് അസോസിയേഷന് സമർപ്പിച്ച കത്തിൽ സച്ചിൻ ബേബിക്കെതിരെ കടുത്ത വിമർശനമാണ് താരങ്ങൾ നടത്തിയിട്ടുള്ളത്. തികഞ്ഞ സ്വാർത്ഥനാണ് സച്ചിനെന്നും, ഏകാധിപതിയെ പോലെയാണ് അദ്ദേഹം ടീമഗങ്ങളോട് പെരുമാറുന്നതെന്നും കത്തിൽ പറയുന്നു. ടീം വിജയിക്കുമ്പോൾ മുഴുവൻ ക്രെഡിറ്റും തട്ടിയെടുക്കുന്ന സച്ചിൻ തോൽവികളുടെ ഉത്തരവാദിത്തം മറ്റു താരങ്ങൾക്ക് മേൽ കെട്ടിവെക്കുമെന്നും ഇത് ടീമംഗങ്ങളുടെ ആത്മവിശ്വാസത്തിന് പോറലേൽപ്പിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.

അതേ സമയം കഴിഞ്ഞ വർഷം  കേരളം, രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ എത്തിയത് സച്ചിൻ ബേബിയുടെ നായകത്വത്തിലായിരുന്നു. താരങ്ങളുടെ ഒത്തൊരുമയായിരുന്നു ഇത്തരമൊരു മികച്ച പ്രകടനത്തിലേക്ക് ടീമിനെ നയിച്ചത്. എന്നാൽ ഇപ്പോൾ ക്യാപ്റ്റനെതിരെ തന്നെ ഇത്തരത്തിൽ ആരോപണവും രാജി ആവശ്യവും വന്നിരിക്കുന്നത് അടുത്ത സീസണിൽ ടീമിന് കനത്ത തിരിച്ചടിയാവാൻ സാധ്യതയുണ്ട്. താരങ്ങളുടെ ആവശ്യപ്രകാരം കെ.സി.എ നായക സ്ഥാനത്ത് നിന്ന് സച്ചിൻ ബേബിയെ പുറത്താക്കുകയാണെങ്കിൽ അത് അദ്ദേഹത്തിന്റേയും ആത്മവിശ്വാസത്തെ തകർക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കെ.സി.എ ഇത് വരെ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ അതിന് വേണ്ടിയാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.