SHARE

ഇന്ത്യൻ അണ്ടർ 19 ടീമംഗം യശാസ്‌വി ജയ്‌സ്വാളിന്റെ ജീവിതാഭിലാഷമായിരുന്നു ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറെ ഒന്ന് നേരിൽ കാണുക എന്നുള്ളത്. യുവതാരത്തിന്റെ ആരാധനപാത്രവും മാതൃകപുരുഷനുമാണ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. സച്ചിനെ കാണാനുള്ള സ്വപ്നം പൂവണിഞ്ഞതിൻ്റെ ആവേശത്തിലാണ് ഇപ്പോൾ ജയ്സ്വാൾ.

ഇന്ത്യൻ അണ്ടർ 19 താരം ജയ്സ്വാൾ

മുംബൈയിലെ തെരുവുകളിൽ ഉറങ്ങിയും പാനി പൂരി കച്ചവടം നടത്തിയും ജീവിച്ചിരുന്ന ജയ്‌സ്വാൾ അപ്രതീക്ഷിതമായാണ് ഇന്ത്യൻ ജൂനിയർ ടീമിലേക്കെത്തുന്നത്. ഇതോടെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ജയ്‌സ്വാളിന്റെ ആഗ്രഹം സാധിച്ചുകൊടുത്തത് അർജുൻ ടെണ്ടുൽക്കറാണ്. അണ്ടർ 19 ടീമിൽ സഹകളിക്കാരനാണ് ഇരുവരും. സച്ചിനെ കാണുക മാത്രമല്ല, ബാറ്റിംഗിലെ ചില പൊടിക്കൈകളും ജയ്സ്വാൾ ഇതിഹാസതാരത്തിൽ നിന്ന് പഠിച്ചെടുത്തു.

സച്ചിൻ ഒപ്പുവെച്ച ബാറ്റുമായി ജയ്സ്വാൾ

‌സച്ചിൻ ഒപ്പുവെച്ച ബാറ്റും ജയ്സ്വാളിന് സമ്മാനിച്ചിട്ടുണ്ട്. ബാറ്റ് ലഭിച്ചതിനൊപ്പം സച്ചിനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും തനിക്കായെന്ന് ഈ കൗമാര താരം പറയുന്നു. എന്നാൽ ലിറ്റിൽ മാസ്റ്ററോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ പറ്റാത്തതിലാണ് ജയ്‌സ്വാളിന്റെ സങ്കടം. 17 കാരനായ ജയ്‌സ്വാൾ മധ്യനിര ബാറ്റ്സ്മാനാണ്. ശ്രീലങ്കൻ പര്യടനത്തിനുള്ള അണ്ടർ 19 ടീമിലും ജയ്‌സ്വാൾ ഇടം നേടിയിട്ടുണ്ട്.