SHARE

ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങളായി താൻ കാണുന്ന 2 കാര്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങൾ ഏതൊക്കെയെന്ന് സച്ചിൻ വെളിപ്പെടുത്തിയത്.

കരിയറിൽ തനിക്ക് രണ്ട് കാര്യങ്ങളിലാണ് നഷ്ടബോധമുള്ളതെന്ന് സച്ചിൻ പറയുന്നു. തന്റെ കുട്ടിക്കാല ഹീറോ ആയ സുനിൽ ഗവാസ്കർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ കഴിയാത്തതാണ് സച്ചിൻ ചൂണ്ടിക്കാട്ടുന്ന ആദ്യ നഷ്ടം. അന്താരാഷ്ട്ര ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെതിരെ കളിക്കാൻ കഴിയാത്തതാണ് മറ്റൊരു നഷ്ടമായി സച്ചിൻ പറയുന്നത്.

ഇന്ത്യൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ, ” എനിക്ക് രണ്ട് കാര്യങ്ങളിലാണ് നഷ്ടബോധമുള്ളത്. സുനിൽ ഗവാസ്കർക്കൊപ്പം കളിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഇതിൽ ആദ്യത്തേത്. എന്റെ കുട്ടിക്കാല ഹീറോ ആയിരുന്നു ഗവാസ്കർ. ഒരു ടീമിൽ അദ്ദേഹത്തിനൊപ്പം കളിക്കാൻ കഴിയാത്തത് വലിയ നഷ്ടമായി ഞാൻ കരുതുന്നു. ഞാൻ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നേ അദ്ദേഹം കളിക്കളത്തിൽ നിന്ന് വിരമിച്ചിരുന്നു.”

“എന്റെ കുട്ടിക്കാല ഹീറോ ആയ വിവിയൻ റിച്ചാർഡ്സിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ്‌ മറ്റൊരു നഷ്ടമായി‌ ഞാൻ കാണുന്നത്. കൗണ്ടിയിൽ അദ്ദേഹത്തിനെതിരെ കളിക്കാൻ എനിക്ക് സാധിച്ചു. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിന് കഴിഞ്ഞില്ല.” സച്ചിൻ പറഞ്ഞുനിർത്തി.