SHARE

ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് ശേഷമായിരുന്നു ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ട് ഇത്തവണ കിരീടത്തിൽ മുത്തമിട്ടത്. സൂപ്പർ ഓവർ ടൈ ആയ മത്സരത്തിൽ ബൗണ്ടറിക്കണക്കിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

ഫൈനലിൽ ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങിയെങ്കിലും ടൂർണമെന്റിലുടനീളം ഗംഭീര പ്രകടനം കാഴ്ച വെച്ച ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസണായിരുന്നു ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിന് ശേഷമുള്ള‌ സമ്മാനദാനച്ചടങ്ങിനിടെ വില്ല്യംസണ് മാൻഓഫ് ദി ടൂർണമെന്റ് പുരസ്കാരം സമ്മാനിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു. സമ്മാനദാനച്ചടങ്ങിൽ വില്ല്യംസണ് പുരസ്കാരം കൈമാറുന്നതിനിടെ സച്ചിൻ അദ്ദേഹത്തോട് എന്തോ പറയുന്നത് ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇതെന്താണെന്ന് അറിയാൻ ആരാധകർക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നു. ഇപ്പോളിതാ സച്ചിൻ തന്നെ അക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നു.

ലോകംമുഴുവൻ നിങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ടിരിക്കുകയാണെന്നും, നിങ്ങൾക്കിത് മികച്ചൊരു ലോകകപ്പായിരുന്നെന്നും മാത്രമാണ് താൻ വില്ല്യംസണോട് പറഞ്ഞതെന്ന് സച്ചിൻ വെളിപ്പെടുത്തുന്നു. നിരാശ സമ്മാനിക്കുന്ന ആ സാഹചര്യത്തിലും ശാന്തനായിരുന്ന വില്ല്യംസണിന്റെ പെരുമാറ്റം തന്നെ വളരെയധികം ആകർഷിച്ചെന്നും സച്ചിൻ ഇതിനൊപ്പം കൂട്ടിച്ചേർത്തു.

അതേ സമയം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സച്ചിൻ തിരഞ്ഞെടുത്ത ലോകകപ്പ് ഇലവനിൽ വില്ല്യംസണിനെയായിരുന്നു അദ്ദേഹം നായകനാക്കിയത്. വില്ല്യംസണിന്റെ ക്യാപ്റ്റൻസിയെ വാനോളം പുകഴ്ത്തുന്ന സച്ചിൻ, മറ്റാരും കാണാത്ത കണ്ണുകളിലൂടെയാണ് അദ്ദേഹം ഓരോ മത്സരങ്ങളും നോക്കിക്കാണുന്നതെന്നും, അദ്ദേഹത്തിന്റെ മൈതാനത്തെ തീരുമാനങ്ങളും നീക്കങ്ങളും വളരെ മികച്ചതാണെന്നും അഭിപ്രായപ്പെടുന്നു.